ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണെന്ന നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്‍റെ 47ാമത് സെഷനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പാകിസ്ഥാനെ ഇന്ത്യ കടന്നാക്രമിച്ചത്. തീവ്രവാദികൾക്ക് ധനസഹായം നൽകുന്നത് പാകിസ്ഥാൻ തുടരുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഇന്ത്യൻ സ്ഥിരം പ്രതിനിധി (പെര്‍മനന്‍റ് മിഷന്‍) സംഘത്തിലെ അംഗം പവൻകുമാർ ബാധേ പറഞ്ഞു.
ഭീകരവാദം മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. അതിനെ അതിന്‍റെ എല്ലാ രൂപത്തിലും ശക്തമായ രീതിയിൽ തന്നെ കൈകാര്യം ചെയ്യണം. പാകിസ്ഥാന്‍ ഭീകരര്‍ക്ക് ധനസഹായവും ആതിഥേയത്വവും നല്‍കുന്നത് തുടരുകയാണ്. ഇതിനെതിരെ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ബാധേ പറഞ്ഞു.
Also read: കശ്മീരിന് പ്രത്യേക പദവി; നാഷണല്‍ കോൺഫറൻസ് നേതാക്കള്‍ യോഗം ചേര്‍ന്നു
ഇന്ത്യയുടെ മറുപടി
മനുഷ്യാവകാശ കൗണ്‍സിലിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കശ്‌മീര്‍ പ്രശ്‌നം ഉന്നയിക്കാനുള്ള പാകിസ്ഥാന്‍ ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങൾ ഉന്നയിക്കാന്‍ പാകിസ്ഥാൻ ഐക്യരാഷട്രസഭയുടെ വേദി വീണ്ടും ദുരുപയോഗം ചെയ്‌തതില്‍ ബാധേ ഖേദം പ്രകടിപ്പിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം
പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് കൗൺസിലിന്‍റെ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്ന് ബാധേ കുറ്റപ്പെടുത്തി. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ വര്‍ധിക്കുകയാണ്. നിർബന്ധിത മതപരിവർത്തനം പാകിസ്ഥാനിൽ ദൈനംദിന പ്രതിഭാസമായി മാറിയിരിക്കുന്നു. മത ന്യൂനപക്ഷങ്ങളായ ആയിരത്തിലധികം പെൺകുട്ടികൾ ഓരോ വർഷവും പാകിസ്ഥാനിൽ നിർബന്ധമായി പരിവർത്തനം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിർബന്ധിത തിരോധാനങ്ങൾ, ജുഡീഷ്യൽ കൊലപാതകങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, ന്യൂനപക്ഷങ്ങൾ എന്നിവരെ അനിയന്ത്രിതമായി തടങ്കലിൽ വയ്ക്കുന്ന രാജ്യമായി പാകിസ്ഥാൻ മാറിയിട്ടുണ്ടെന്നും ഇന്ത്യ ആരോപിച്ചു.