ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന വാർത്തകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷൻ. അത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. ഇത്തരം നിരുത്തരവാദപരമായ മാധ്യമപ്രവർത്തനത്തെ അപലപിക്കുന്നുവെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈക്കമ്മിഷൻ കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്ത് അശാന്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ശനിയാഴ്‌ച വൈകിട്ട് 6 മണി മുതൽ തിങ്കളാഴ്‌ച രാവിലെ 6 മണി വരെ കർഫ്യൂ ഏർപ്പെടുത്തുമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരി മൂലം ടൂറിസം വരുമാനമുൾപ്പെടെ നിലച്ചതോടെ ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സർഹചര്യത്തിൽ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെ പ്രസിഡന്‍റ് ഗോതബയ രാജപക്‌സെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന ആരെയും അറസ്റ്റ് ചെയ്യാൻ നിലവിൽ സുരക്ഷാ സേനയ്ക്ക് അധികാരമുണ്ട്. നൂറുകണക്കിന് പ്രതിഷേധകർ തലസ്ഥാന നഗരമായ കൊളംബോയുടെ വിവിധ ഭാഗങ്ങളിൽ തടിച്ചുകൂടുകയും പലരും പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറാൻ തുടങ്ങിയതോടെയുമാണ് രാജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
READ MORE: ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കില്ല; റിപ്പോർട്ടുകൾ തള്ളി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ