ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വെന്‍റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ത്യയിലെത്തി. 223 വെന്‍റിലേറ്ററുകളും 55,000 കുപ്പി റെംഡെസിവർ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമാണ് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചത്. ജർമനി, പോർച്ചുഗൽ, നെതർലന്‍റ് എന്നീ രാജ്യങ്ങളാണ് സഹായമെത്തിച്ചത്. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി ഇക്കാര്യം സ്ഥിരീകരിച്ചു.
Read Also……കൊവിഡ് പ്രതിസന്ധി: ഫ്രാന്‍സില്‍ നിന്നും 40 ടണ്‍ ഓക്സിജന്‍ ഇന്ത്യയിലെത്തിച്ചു
അമേരിക്ക, റഷ്യ, ബ്രിട്ടൺ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് മഹാമാരിക്കാലത്ത് സഹായവുമായെത്തിയത്. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സിലിണ്ടറുകളും വെന്‍റിലേറ്ററുകളുമായി മധ്യേഷ്യന്‍ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കുന്നുണ്ട്. ഖത്തര്‍ 200 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 40 വെന്‍റിലേറ്ററുകള്‍, 4300 റെംഡെസെവിര്‍ മരുന്നുകളെന്നിവയാണ് എത്തിച്ചത്. നിലവിൽ ഖസാക്കിസ്ഥാനിൽ നിന്ന് 5.6 മില്ല്യൺ മാസ്‌കുകൾ ഇന്ത്യയിലെത്തികഴിഞ്ഞു. ഖത്തറില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നേരിട്ടുപോയി ശേഖരിച്ചാണ് ഇന്ത്യയിലെത്തിച്ചത്.
ഇന്നലെ ദക്ഷിണ കൊറിയ പതിനായിരം റാപ്പിഡ് കൊറോണ ടെസ്റ്റ് കിറ്റുകളെത്തിച്ച് സഹായം നല്‍കി. ഇവയ്ക്കൊപ്പം മൂന്ന് പ്രത്യേക വിമാനങ്ങളിലായി 100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 10 വെന്‍റിലേറ്ററുകള്‍, 100 പ്രഷര്‍ ഉപകരണങ്ങള്‍, 10,000 പരിശോധനാ കിറ്റുകള്‍ എന്നിവയും എത്തിക്കുമെന്ന് ദക്ഷിണകൊറിയന്‍ അംബാസഡര്‍ അറിയിച്ചിട്ടുണ്ട്.