ബെംഗളൂരു: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (ഐഒആർ) വിദേശ രാജ്യങ്ങൾക്ക് ആയുധങ്ങൾ നൽകാൻ ഇന്ത്യ തയാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ബെംഗളൂരുവിൽ എയ്‌റോ ഇന്ത്യ 2021ന്‍റെ ഭാഗമായി ഇന്ത്യൻ ഓഷ്യൻ റീജിയൺ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈറ്റ് കോംപാക്‌ട് എയർക്രാഫ്റ്റ്, ഹെലികോപ്‌റ്റർ, ടാങ്കുകൾ, മിസൈലുകൾ, തോക്കുകൾ എന്നിവ ഉൾപ്പെടെയുള്ള ആയുധ സംവിധാനങ്ങൾ നൽകാന്‍ ഇന്ത്യ തയ്യാറെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങൾക്ക് പൊതുവായ വളർച്ചയും സ്ഥിരതയും ഉണ്ടാകണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
മേഖലയിലെ ഭൗമശാസ്‌ത്ര പ്രത്യേകത കൊണ്ട് ഇന്ത്യ നിരവധി തീര രാജ്യങ്ങളുമായി ചരിത്രപരവും സാംസ്കാരികവുമായ ബന്ധം നിലനിർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ ഓഷ്യൻ റീജിയൺ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന് ഇന്ത്യ എന്നും മുന്നിലുണ്ടാവുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഈ മേഖലകളിലെ മാനുഷിക സഹായങ്ങളിലും ഇന്ത്യ ഒന്നാമതാണ്. പ്രദേശങ്ങളിലെ പ്രകൃതി ദുരന്ത സമയത്തും ഇന്ത്യയാണ് ആദ്യ സഹായവുമായി എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്തും സഹായവുമായി ഇന്ത്യ എത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.