റോം/ ന്യൂഡല്‍ഹി: അടുത്ത വർഷം അവസാനത്തോടെ അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയിൽ സംസാരിക്കവെയാണ് പ്രധാമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊവിഡിനെതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യയുടെ സംഭാവനകൾ 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാവിയിൽ ഇത്തരം പ്രതിസന്ധികളെ നേരിടാൻ ഈ ദർശനം ലോകത്തിന് മുതല്‍ക്കൂട്ടാവും. 150-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ കൊവിഡ് പ്രതിരോധ മരുന്ന് എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും നിർമ്മാണത്തിലും ഇന്ത്യ അതിന്‍റെ മുഴുവൻ ശക്തിയും ചെലുത്തിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് നൂറ് കോടിയിലധികം വാക്‌സിന്‍ ഡോസുകൾ നൽകി. ലോക ജനസംഖ്യയുടെ ആറിലൊന്ന് ജനങ്ങളില്‍ അണുബാധ നിയന്ത്രിക്കുന്നതിലൂടെ, ലോകത്തെ സുരക്ഷിതമാക്കുന്നതിന് ഇന്ത്യയും സംഭാവന നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
also read: കപ്പലിലെ ലഹരിപ്പാര്‍ട്ടി: നടി മുൻമുൻ ധമേച്ച ഞായറാഴ്‌ച ജയില്‍ മോചിതയാവും
അതേസമയം ശനിയാഴ്ച നടന്ന ആദ്യ സെഷനില്‍ ആഗോള സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യത്തെയും കുറിച്ചായിരുന്നു ലോക നേതാക്കള്‍ ചര്‍ച്ച ചെയ്‌തത്. ആദ്യ സെഷൻ സമാപിച്ച ശേഷം, ജി 20 ഉച്ചകോടിയിലെ നടപടികൾ "വിപുലവും ഉത്പ്പാദനക്ഷമവുമാണ്" എന്ന് മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.