ന്യൂഡൽഹി : ബിജെപിക്ക് എതിരെ ശക്തമായ പ്രതിരോധമുയർത്തുക എന്ന ലക്ഷ്യവുമായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത ഐക്യമായ ഐഎൻഡിഐഎ (INDIA) വീണ്ടും യോഗം ചേരുന്നു. മുംബൈയിലാണ് അടുത്ത യോഗം ചേരുന്നത്. ആഗസ്റ്റ് 31നും സെപ്റ്റംബര്‍ 1നുമാണ് യോഗം നടക്കുക. സെപ്റ്റംബര്‍ 1ന് വൈകിട്ട് പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കാണുകയും ചെയ്യും.
ജൂലൈ 18ന് ബെംഗളൂരുവിലാണ് കഴിഞ്ഞ യോഗം ചേർന്നത്. ആ യോഗത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് ഇന്ത്യൻ നാഷണല്‍ ഡെവലപ്‌മെന്‍റല്‍ ഇൻക്ലൂസീവ് അലയൻസ് (ഐഎൻഡിഐഎ (INDIA) )എന്ന പേരിട്ടത്. 26 പ്രതിപക്ഷ പാർട്ടികളാണ് ബെംഗളൂരുവിലെ യോഗത്തില്‍ പങ്കെടുത്തത്. അടുത്ത യോഗം മുംബൈയില്‍ ചേരാനുള്ള തീരുമാനവും ബെംഗളൂരുവിലെ യോഗത്തില്‍ എടുത്തിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം ജൂൺ 24 ന് പട്‌നയില്‍ നിതീഷ് കുമാറിന്‍റെ വസതിയില്‍ ചേർന്ന ആദ്യ യോഗത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് പ്രാഥമിക രൂപം കൈവന്നത്. അതിനു ശേഷമാണ് ബെംഗളൂരുവില്‍ യോഗം ചേർന്ന് ഐഎൻഡിഐഎ (INDIA) എന്ന പേര് സ്വീകരിച്ചത്.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂല്‍ നേതാവ് മമത ബാനർജി, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന ബാല്‍താക്കറെ നേതാവ് ഉദ്ധവ് താക്കറെ, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, ആംആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ഇടത് പാർട്ടി നേതാക്കൾ, നാഷണല്‍ കോൺഫറൻസ്, പിഡിപി നേതാക്കൾ എന്നിവർ യോഗത്തില്‍ പങ്കെടുത്തിരുന്നു. മുംബൈയിൽ നടക്കുന്ന അടുത്ത യോഗത്തിൽ ഇന്ത്യൻ നാഷണല്‍ ഡെവലപ്‌മെന്‍റല്‍ ഇൻക്ലൂസീവ് അലയൻസിന് വേണ്ടി 11 അംഗ കമ്മിറ്റി രൂപീകരിക്കുമെന്നും കൺവീനറെ തെരഞ്ഞെടുക്കുമെന്നും ബെംഗളൂരുവിലെ യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചിരുന്നു
കോൺഗ്രസ്, ടിഎംസി, ഡിഎംകെ, എഎപി, ജെഡിയു, ആർജെഡി, ജെഎംഎം, എൻസിപി (ശരദ് പവാർ), ശിവസേന (യുബിടി), എസ്പി, എൻസി, പിഡിപി, സിപിഎം, സിപിഐ, ആർഎൽഡി, എംഡിഎംകെ, കൊങ്ങുനാട് മക്കൾ ദേശിയ കച്ചി, വിസികെ, ആർഎസ്പി, സിപിഐ-എംഎൽ (ലിബറേഷൻ), ഫോർവേഡ് ബ്ലോക്ക്, ഐയുഎംഎൽ, കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മാണി), അപ്നാദൾ (കാമറവാടി), മണിത്തനേയ മക്കൾ കച്ചി എന്നി 26 പ്രതിപക്ഷ പാർട്ടികള്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമാണ്.