ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 17,092 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,34,86,326 ആയി. രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1,09,568 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 29 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,25,168 ആയി ഉയർന്നു. ഇതിൽ 15 മരണങ്ങൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. നാല് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ ഡൽഹിയിൽ നിന്നും രണ്ട് പേർ പഞ്ചാബിൽ നിന്നുമുള്ളവരാണ്. ഛത്തീസ്‌ഗഡ്, ബിഹാർ, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ എന്നിവിടുങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
1.21 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 98.54 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.56 ശതമാനവുമാണ്. ഇതുവരെ 4,28,51,590 പേർ രോഗമുക്‌തരായിട്ടുണ്ട്. അതേസമയം ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 197.84 കോടി ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തിട്ടുണ്ട്.