ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 24 മണിക്കൂറിനിടെ 14,313 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഏഴ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് നിരക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,39,85,920 ആയി.
കഴിഞ്ഞ ദിവസം 23,624 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,33,20,057 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.04 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 2,14,900 ആയി കുറഞ്ഞു.
അതേസമയം, കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ നിരക്കിലെ വര്‍ധനവ് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 181 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4,50,963 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്‌ക്കും ബ്രസീലിനും ശേഷം മൂന്നാമതാണ് ഇന്ത്യ.
ALSO READ : പെട്രോൾ പമ്പില്‍ നിശാശലഭങ്ങളുടെ രാജാവ് ; കൗതുകമുണർത്തി 'നാഗശലഭം'
ആകെ 58,50,38,043 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതിൽ 11,81,766 സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 95.89 കോടി കടന്നു.