ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അത് തെളിയിക്കേണ്ട ബാധ്യത പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയും ബിജെപി സർക്കാരിനുമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യ രാഷ്ട്രീയത്തിൽ മുങ്ങിയിരിക്കുന്നു, ജനങ്ങളോട് അനുഭാവമില്ലാത്ത നേതൃത്വമായ മോദി സര്‍ക്കാര്‍ ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങളെ പരാജയപ്പെടുത്തിയെന്നും സോണിയ ഗാന്ധി ആരോപിച്ചു. ഇന്ത്യക്ക് വിഭവങ്ങളും അതിന്‍റെ ശക്തിയുമുണ്ട്. എന്നാല്‍ വിഭവങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായും സോണിയ ആരോപിച്ചു. ഓണ്‍ലൈനായി നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
കൂടുതല്‍ വായിക്കുക…… പ്രധാനമന്ത്രിയുടെ അധികാരമെല്ലാം ഉപയോഗിച്ചായാലും കൊവിഡിനെ നേരിടണം: രാഹുല്‍ ഗാന്ധി
എല്ലാ തരത്തിലുള്ള ആശയവിനിമയവും ബധിരനായ ഒരാളുടെ ചെവിയിലാണ് പതിച്ചത്. അവയോടൊന്നും സര്‍ക്കാര്‍ ശരിയായ രീതിയിലല്ല പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയും എഴുതിയ കത്തുകളെ പരാമര്‍ശിച്ച് പാര്‍ട്ടി പ്രസിഡന്‍റ് പറഞ്ഞു. ഇത് സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള യുദ്ധമല്ല, പകരം കൊറോണയും ജനങ്ങളും തമ്മിലുള്ള യുദ്ധമാണ്. ഈ പ്രതിസന്ധിയെ നേരിടാന്‍ ശാന്തവും കഴിവുറ്റതും ദീര്‍ഘവീക്ഷണവുമുള്ള നേതൃത്വമാണ് ആവശ്യം. കൊവിഡ് കാരണം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കണം. അവര്‍ക്ക് വേണ്ടി സേവനങ്ങള്‍ ചെയ്ത് സ്വയം സമര്‍പ്പിക്കേണ്ട സമയമാണിതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
എല്ലാവര്‍ക്കും സൗജന്യ വാക്‌സിൻ നല്‍കുന്നതിന് ബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയിട്ടും മോദി സര്‍ക്കാര്‍ മൂന്നാം ഘട്ടത്തില്‍ വാക്‌സിനുകള്‍ വാങ്ങുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. മോദി സര്‍ക്കാറിന്‍റെ വിവേചനപരമായ വാക്‌സിനേഷന്‍ നയം ദശലക്ഷക്കണക്കിന് ദലിതര്‍, ആദിവാസികള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, ദരിദ്രര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരെ വാക്‌സിനേഷനില്‍ നിന്ന് മാറ്റിനിര്‍ത്തും. മോദി സര്‍ക്കാര്‍ അവരുടെ ധാര്‍മ്മിക ബാധ്യതയും ജനങ്ങളോടുള്ള പ്രതിജ്ഞയും നിറവേറ്റാത്തത് ശരിയല്ലെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.