ന്യൂഡൽഹി: ആറുപത് ലക്ഷം ആളുകൾക്ക് കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് പൂർത്തിയായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 ദിവസങ്ങൾക്കൊണ്ടാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും വേഗത്തിൽ അറുപത് ലക്ഷം പേർക്ക് കൊവിഡ് വാക്‌സിൻ കുത്തിവെപ്പെടുക്കുന്ന രാജ്യവുമായി ഇന്ത്യ. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷനിൽ ഇതുവരെ 60,35,660 പേർക്കാണ് കുത്തിവെപ്പെടുത്തത്. കുത്തിവെപ്പെടുത്തവരിൽ ആർക്കും ഇതുവരെ ഗുരുതര പ്രശ്‌നങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
ആകെ 23 മരണങ്ങൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം പ്രതിരോധ കുത്തിവയ്പ്പുകളുടെ 0.0004% മാത്രമാണിത്. 23 പേരിൽ 9 പേർ ആശുപത്രിയിൽ മരിച്ചപ്പോൾ 14 മരണങ്ങൾ ആശുപത്രിക്ക് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് താമസിക്കുന്ന 29 കാരിയായ ഒരു സ്ത്രീ മരിച്ചിരുന്നു. ഈ മരണങ്ങളൊന്നും കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടതല്ല. ഗുരുതരമായ പ്രശ്‌നങ്ങളോ മരണങ്ങളോ ഇന്നുവരെ വാക്‌സിനേഷൻ കാരണമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,831 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 11,904 പേർ രോഗമുക്തരാവുകയും ചെയ്‌തു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,08,38,194 ആണ്. രോഗ മുക്തരായവരുടെ എണ്ണം നിലവിൽ 1,05,34,505 ആയി. 1,48,609 സജീവ കൊവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 24 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,55,080 ആയി.