ന്യൂഡല്‍ഹി: കുറഞ്ഞ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് -19 വാക്സിൻ വിതരണം ചെയ്ത രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 99 ദിവസത്തിനുള്ളിൽ 14 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഏപ്രിൽ 24-ാം തിയതി മാത്രം രാത്രി എട്ടു മണി വരെ രാജ്യത്ത് 24 ലക്ഷത്തിലധികം വാക്സിന് ഡോസുകളാണ് നല്‍കിയത്.
രാജ്യത്ത് നൽകിയ കൊവിഡ് വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ശനിയാഴ്ച രാത്രി എട്ടു മണിയോടുകൂടി 14,08,02,794 ആയി. ആദ്യ ഘട്ടത്തില്‍ 92,89,621 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്. രണ്ടാം ഡോസായി 59,94,401 ആരോഗ്യ പ്രവര്‍ത്തകരാണ് കുത്തിവെയ്പ്പ് എടുത്തത്. മുന്‍നിര പോരാളികളില്‍ 1,19,42,233 പേര്‍ ഒന്നാം ഡോസും, രണ്ടാം ഡോസായി 62,77,797 പേരും വാക്സിന്‍ സ്വീകരിച്ചു. 45 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ളവരില്‍ 4,76,41,992 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ 23,22,480 പേരാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചതെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.