ബുഡാപെസ്റ്റ്: ഹംഗറി വഴിയുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തിൽ വിദ്യാർഥികൾക്കായി പുതിയ മാർഗനിർദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർഥികൾ സഹനി ഉസ്‌ഹൊറാർഡ് ചെക്ക്പോയിന്‍റിലൂടെ മാത്രമേ ഹംഗറിയിലേക്ക് പ്രവേശിക്കാവൂയെന്നും മറ്റ് അതിർത്തികളിൽ എംബസി അധികൃതരുടെ സാന്നിധ്യമില്ലെന്നും എംബസി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു. ഹംഗേറിയൻ ഭാഗത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനാണ് ഈ തീരുമാനമെന്നും അധികൃതർ പറയുന്നു.
ഇന്ത്യൻ സർക്കാർ ഹംഗറിയിലെ സർക്കാരുമായി വിവരങ്ങൾ ക്രോഡീകരിക്കുന്നുണ്ടെന്നും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സഹനി ഉസ്‌ഹൊറാർഡ് ചെക്ക്പോയിന്‍റിലൂടെ ഹംഗറിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
വിദ്യാർഥികളെ ബാച്ചുകളായി ചെക്ക്പോസ്റ്റിലൂടെ ബുഡാപെസ്റ്റിലെത്തിച്ച് തുടർന്ന് എയർ ഇന്ത്യ വിമാനത്തിലൂടെയാകും ഇന്ത്യയിലെത്തിക്കുകയെന്നും എംബസി അറിയിച്ചു. അതേ സമയം ബസ്, വാൻ സർവീസുകളിലൂടെ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കുകയുള്ളു. വിദ്യാർഥികൾ പാസ്‌പോർട്ടും റെസിഡൻസ് പെർമിറ്റ്, സ്റ്റുഡന്‍റ് ഐ.ഡി കാർഡും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും കൈയ്യിൽ കരുതണമെന്നും എംബസി വ്യക്തമാക്കുന്നു.
മറ്റു അതിർത്തി പ്രദേശങ്ങൾക്ക് സമീപത്താണ് നിങ്ങൾ എങ്കിൽ ഉസ്‌ഹൊരാഡിലേക്ക് എത്തി ഹംഗേറിയൻ കോൺസുലേറ്റ് ജനറൽ, ഉസ്‌ഹൊരാഡ് നാഷ്‌ണൽ യൂണിവേഴ്‌സിറ്റിയിലെ ഡോ.അംറിക് ദില്ലൻ (Contact No.+380 63 725 1523), ഇന്ത്യൻ എംബസിയിലെ അംഖുർ (Contact No. 036304644597) എന്നിവരെ ബന്ധപ്പെടണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇതിനകം യുക്രൈനിൽ കുടുങ്ങി കിടന്ന 250ഓളം ഇന്ത്യക്കാരുമായി റൊമേനിയയിൽ നിന്ന് ആദ്യരക്ഷാദൗത്യം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
READ MORE: 'ഒപ്പമുണ്ടായിരുന്നവരെ മറക്കരുത്', ആദ്യരക്ഷ ദൗത്യത്തിലെ വിദ്യാര്‍ഥികളോട് അംബാസഡര്‍