ന്യൂഡല്‍ഹി: അമേരിക്കയില്‍ ഗാന്ധി സ്മാരകം തകർത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ. സമാധാനത്തിന്‍റെയും നീതിയുടെയും അടയാളമായി സാർവത്രികമായി ബഹുമാനിക്കപ്പെടുന്ന പ്രതിരൂപത്തെ തകര്‍ത്ത നടപടിയെ ശക്തമായി അപലപിക്കുന്നതായി വിദേശ കാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹിയിലെ യുഎസ് എംബസി ഇക്കാര്യം ഏറ്റെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട സന്ദേശം യുഎസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെയാണ് മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടത്. പ്രതിഷേധത്തിനിടെ ആളുകള്‍ ഖലിസ്ഥാനി പതാക ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. എംബസിക്ക് മുന്നിലുള്ള മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയാണ് അക്രമികള്‍ തകര്‍ത്തത്. അതേസമയം വിഷയം പരിഗണിച്ചതായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതികരിച്ചത്.