ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 26,115 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,35,04,534 ആയി. നിലവില്‍ 3,09,575 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ കൂടി കൊവിഡിനെ തുടര്‍ന്ന് മരണമടഞ്ഞതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,45,385 ആയി.
കൊവിഡ് സ്ഥിരീകരിച്ചവരില്‍ 0.92 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ രോഗബാധിതരായി തുടരുന്നത്. 184 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 2.57 ശതമാനമാണ്. കഴിഞ്ഞ മൂന്നാഴ്‌ചയായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്കെന്നത് ആശ്വാസം പകരുന്നുണ്ട്. 34,469 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നിരക്ക് 3,27,49,574 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 97.72 ശതമാനമാണ്.
രാജ്യത്ത് പ്രതിവാര കേസുകളില്‍ 15 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ പ്രതിവാര കേസുകളില്‍ കുറവുണ്ടെങ്കിലും ആയിരമോ അതില്‍ കൂടുതലോ റിപ്പോര്‍ട്ട് ചെയ്യുന്ന മിസോറാം, മേഘാലയ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളില്‍ കൊവിഡ് നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഐസിഎംആര്‍ കണക്കുകളനുസരിച്ച് രാജ്യത്തെ പരിശോധനകളുടെ എണ്ണം 55.5 കോടി കടന്നു. കഴിഞ്ഞ ദിവസം 96,46,778 പേര്‍ കൂടി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചതോടെ ആകെ വാക്‌സിനേഷന്‍ 81,85,13,827 ആയി.
Also read: 90 ശതമാനം പിന്നിട്ട് സംസ്ഥാനത്തെ ഒന്നാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍