ന്യൂഡല്‍ഹി: 45,576 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തിലേക്കടുത്തു. 89,58,484 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. ഇതില്‍ 83,83,602 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,303 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 585 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,31,578 ആയി.
തുടര്‍ച്ചയായ പന്ത്രാണ്ടമത്തെ ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് അമ്പതിനായിരത്തില്‍ താഴെ നില്‍ക്കുന്നത്. നവംബര്‍ ഏഴിനാണ് അവസാനം പ്രതിദിന കൊവിഡ് കണക്ക് അമ്പതിനായിരത്തിന് മുകളിലെത്തിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 47 ദിവസമായി പ്രതിദിനം പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെയായി.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. 7546 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 62,437 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 6685 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. 98 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 5,10,630 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് മുക്തി നേടി. 4,59,368 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 8041 കൊവിഡ് രോഗികള്‍ മരിക്കുകയും ചെയ്‌തിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍ 5535 പേര്‍ക്കും, കേരളത്തില്‍ 5722 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1707 പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.