റാംപൂര്‍: 2008-ല്‍ തന്‍റെ കുടുംബത്തിലെ ഏഴ് അംഗങ്ങളെ കൊല ചെയ്തതിന് വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഉത്തരപ്രദേശിലെ ശബ്‌നത്തിന്‍റെ ദയാഹര്‍ജി ഇന്ത്യന്‍ രാഷ്ട്രപതി തള്ളിയതോടെ സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷ നേരിടാന്‍ പോകുന്ന ആദ്യ വനിതയായിരിക്കുകയാണ് അവര്‍. കുപ്രസിദ്ധമായ അമ്രോഹ വധക്കേസിലെ രണ്ട് കുറ്റവാളികളില്‍ ഒരാളാണ് ശബ്‌നം. മഥുരയിലെ ജയിലില്‍ താമസിയാതെ തൂക്കുകയറിലേറ്റപ്പെടാന്‍ പോകുന്ന ശബ്‌നത്തെ ഇപ്പോള്‍ റാംപൂര്‍ ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കേസ് ഡയറി
സലീം എന്ന വ്യക്തിയുമായി ശബ്‌നം പ്രണയത്തിലാകുന്നു. ഇരുവരും ഈ പ്രണയബന്ധത്തിലൂടെ വിവാഹിതരാകുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ ശബ്‌നത്തിന്‍റെ കുടുംബം അവളുടെ ബന്ധത്തെ എതിര്‍ക്കുകയും ആ എതിര്‍പ്പ് കൊലപാതകങ്ങളില്‍ കലാശിക്കുകയുമാണ് ഉണ്ടായത്. ശബ്‌നവും സലീമും ചേര്‍ന്ന് ശബ്‌നത്തിന്‍റെ കുടുംബാംഗങ്ങളെ കൊല ചെയ്യുവാന്‍ ഗൂഢാലോചന നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2008 ഏപ്രില്‍ 14ന് ഇരുവരും ചേര്‍ന്ന് ശബ്‌നത്തിന്‍റെ അച്ഛനേയും അമ്മയേയും പത്ത് മാസം പ്രായമുള്ള മരുമകനേയും അടക്കം കുടുംബത്തിലെ ഏഴ് പേരെ നിഷ്ഠൂരമായി കൊല ചെയ്തു. ഇവരെ കൊല ചെയ്യുന്നതിനു മുന്‍പായി കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഭക്ഷണത്തില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി ബോധരഹിതരാക്കി. സംഭവം പുറം ലോകം അറിഞ്ഞതോടെ ശബ്‌നത്തേയും സലീമിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ 27 മാസങ്ങളിലായി 100 ദിവസങ്ങളോളം കുറ്റവിചാരണ നടന്നു. വിധി പ്രസ്താവത്തിന്‍റെ ദിനത്തില്‍ കോടതി 29 സാക്ഷികളുടെ മൊഴികള്‍ കേള്‍ക്കുകയുണ്ടായി.
649 ചോദ്യങ്ങളും 160 പേജുകള്‍ വരുന്ന വിധി പ്രസ്താവവും
കേസുമായി ബന്ധപ്പെട്ട 649 ചോദ്യങ്ങള്‍ എല്ലാ സാക്ഷികളോടുമായി ചോദിച്ചതിനു ശേഷമാണ് 160 പേജുള്ള വിധി ജഡ്ജി പുറപ്പെടുവിച്ചത്. താന്‍ കൊലപാതകത്തില്‍ പങ്കാളിയാണെന്ന് സമ്മതിച്ച സലീം കുറ്റകൃത്യം ചെയ്യാനായി ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസിന് കാട്ടി കൊടുക്കുകയും ചെയ്തു. 2010 ജൂലൈ 14നാണ് ജില്ലാ സെഷന്‍സ് കോടതി ഇവരെ വധശിക്ഷക്ക് വിധിച്ചത്. അലഹബാദ് ഹൈക്കോടതിയില്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയെങ്കിലും 2010ല്‍ ഹൈക്കോടതിയും അവരുടെ വധശിക്ഷ ശരിവെച്ചു.
അതിനു ശേഷം അവര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2015ല്‍ ഉന്നത നീതിപീഠവും അവരുടെ വധശിക്ഷ ശരിവെക്കുകയാണുണ്ടായത്. നിയമപരമായ എല്ലാ വഴികളും അടഞ്ഞതോടു കൂടി അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുന്നില്‍ ഒരു ദയാഹര്‍ജി ശബ്‌നം സമര്‍പ്പിച്ചുവെങ്കിലും അതും നിരസിക്കപ്പെട്ടു. സുപ്രീം കോടതിയില്‍ ഒരു പുനരവലോകന ഹര്‍ജിയും അവര്‍ നല്‍കുകയുണ്ടായി.
മഥുര ജയില്‍
രാജ്യത്ത് ഒരു വനിത വധശിക്ഷാ മുറിയുള്ള ഏക ജയിലാണ് മഥുര ജയില്‍. 2019ല്‍ ശബ്‌നത്തെ മഥുര ജയിലില്‍ കൊണ്ടു വന്ന് പാര്‍പ്പിച്ചു. മറ്റ് തടവുകാരോടുള്ള അവരുടെ പെരുമാറ്റം നല്ലതായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ആദ്യമായി വധശിക്ഷക്ക് വിധേയമാക്കപ്പെടുന്ന വനിതാ തടവുകാരിയാണ് ശബ്‌നം എന്ന് ജയിലര്‍ രാകേഷ് കുമാര്‍ വര്‍മ്മ പറയുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റാന്‍ ആവശ്യമായ കയറിന് ജയിൽ ഭരണകൂടം ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു എന്നും രാകേഷ് കുമാര്‍ വര്‍മ്മ ഇ ടി വി ഭാരതിനോട് പറഞ്ഞു.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വധശിക്ഷ നല്‍കല്‍
സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെ ഇന്ത്യയില്‍ ഒരു സ്ത്രീ കുറ്റവാളിയും തൂക്കിലേറ്റപ്പെട്ടിട്ടില്ല. 1870ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഏതാണ്ട് 150 വര്‍ഷം ഇപ്പോള്‍ പഴക്കമുള്ള മഥുര ജയിലിലെ വനിത വധശിക്ഷാ മുറി പണിയുന്നത്. 1956ലെ യു പി ജയില്‍ മാന്വലില്‍ മാത്രമാണ് ഇന്ത്യയിലെ ഈ വനിതാ തൂക്കുമുറിയെ കുറിച്ചുള്ള പരാമര്‍ശം കാണാന്‍ കഴിയുക. വനിതാ കുറ്റവാളികളെ വധശിക്ഷക്ക് വിധേയമാക്കേണ്ടതിന്‍റെ വിശദമായ നിയമാവലികള്‍ ഈ മാന്വലില്‍ വിവരിച്ചിട്ടുണ്ട്.
കുടുംബം സന്തോഷം രേഖപ്പെടുത്തി
ഈ ക്രൂരത നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടിലെത്തിയപ്പോള്‍ അവിടെ രക്തം പരന്നൊഴുകുകയായിരുന്നുവെന്നും ശബ്‌നത്തിന്‍റെ അമ്മാവന്‍ സത്താര്‍ അലി പറയുന്നു. മനുഷ്യ ശരീരങ്ങള്‍ വെട്ടി മുറിക്കപ്പെട്ടിരുന്നു. മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ് അത്. സ്വന്തം കുടുംബത്തിലെ തന്നെ ഏഴ് പേരെ നിഷ്ഠൂരമായ വിധം കൊല ചെയ്ത അവളെ തൂക്കിലേറ്റുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ആരാച്ചാര്‍ തൂക്കുമുറി പരിശോധിച്ചു
വധശിക്ഷ നല്‍കുന്ന ദിവസം തീരുമാനിച്ചു കഴിഞ്ഞാല്‍ പവന്‍ എന്ന പേരുള്ള ആരാച്ചാരാണ് ശബ്നത്തെ തൂക്കിലേറ്റുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ഭയ കേസിലെ കുറ്റവാളികളേയും വധശിക്ഷക്ക് വിധേയമാക്കിയ പ്രൊഫഷണല്‍ ആരാച്ചാരാണ് പവന്‍. മൂന്ന് തലമുറകളായി ആരാച്ചാരായി ജോലിചെയ്യുന്ന കുടുംബമാണ് പവന്‍റേത്.
ശബ്‌നത്തിന്‍റെ മകന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്നു
ഇതിനിടയിൽ തന്‍റെ അമ്മ ചെയ്ത നിഷ്ഠൂരമായ കുറ്റകൃത്യത്തിന് അവര്‍ക്ക് മാപ്പു നല്‍കി വധശിക്ഷ പിന്‍ വലിക്കണമെന്ന് ശബ്‌നത്തിന്റെ 12 വയസ്സുകാരനായ മകന്‍ ടാസ് അതിവൈകാരികതയോടു കൂടി രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യര്‍ത്ഥിച്ചിച്ചു. എന്നാല്‍ ശബ്‌നത്തിന്‍റെ വധശിക്ഷ നടപ്പില്‍ വരുത്തുന്നതിനുള്ള മരണ വാറണ്ട് ഏത് സമയവും ഒപ്പു വെച്ചേക്കാവുന്ന ഒരു സമയത്താണ് അവരുടെ മകന്‍റെ ഈ അഭ്യര്‍ത്ഥന ഉയര്‍ന്നു വന്നിരിക്കുന്നത്.