ഭുവനേശ്വർ: വാക്‌സിനേഷന് തിരിച്ചറിയല്‍ രേഖയായി ഫോട്ടോയോടുകൂടിയ റേഷൻ കാർഡ് ഉൾപ്പെടുത്തണമെന്ന് ഒഡീഷ ആരോഗ്യ മന്ത്രാലയം ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടു. അഞ്ച് മുനിസിപ്പാലിറ്റികളുടെയും സിഡിഎമ്മുകളുടെയും പിഎച്ച്ഒകളുടെയും കലക്‌ടർമാർക്കും കമ്മീഷണറുകൾക്കും അയച്ച കത്തിലാണ് ആരോഗ്യ മന്ത്രാലയം അഡീഷണൽ ചീഫ് സെക്രട്ടറി പി.കെ. മോഹപാത്ര ഇക്കാര്യം ഉന്നയിച്ചത്.
കോ-വിൻ 2.0 മാർഗനിർദേശ പ്രകാരം വാക്‌സിനേഷന് മുമ്പ് ഗുണഭോക്താവിന്‍റെ പരിശോധനയ്ക്കായി ഫോട്ടോയോടുകൂടിയ ഏഴ് തിരിച്ചറിയൽ രേഖകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടുത്തിടെ ഭിന്ന ശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും (യുഡിഐഡി) ഇതിൽ ഉൾപ്പെടുത്തിയതായി കത്തിൽ പറയുന്നു.
റേഷൻ കാർഡുകളിൽ വ്യക്തികളുടെ പേര്, ലിംഗഭേദം, ഫോട്ടോ, പ്രായം എന്നിവ പോലുള്ള വിശദാംശങ്ങൾ നിശ്ചയിച്ചിട്ടുള്ളതിനാൽ തന്നെ ഫോട്ടോയോടുകൂടിയ റേഷൻ കാർഡ് തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്താൻ ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നുവെന്നും മോഹപാത്ര വ്യക്തമാക്കി.