ബെംഗളുരു: കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുകയാണ്.
സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ മെയ് 24 വരെയാണ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 38,603 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 476 പേർ രോഗം ബാധിച്ച് മരിച്ചു.
സംസ്ഥാനത്ത് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ബ്ളാക്ക് ഫംഗസ് അല്ലെങ്കിൽ മ്യുക്കോമൈക്കോസിസ് എന്ന രോഗത്തെപ്പറ്റി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കർണാടക ആരോഗ്യ വകുപ്പ് മന്ത്രി കെ.സുധാകർ പറഞ്ഞു.ബ്ളാക്ക് ഫംഗസ് ഒരു 'പോസ്റ്റ് കൊവിഡ്' രോഗമാണ്. അനിയന്ത്രിതമായ പ്രമേഹവും ഉയർന്ന അളവിലുള്ള സ്റ്റിറോയിഡുകളും ഉപയോഗിക്കുന്നവർ ഇതിന് ഇരയാകും. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുകയും എച്ച് ഐ വി പോലുള്ള രോഗാവസ്ഥയുള്ളവർക്കും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു
അതേസമയം ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്.ഉത്തര കർണാടകയിൽ ഞായറാഴ്ചയുണ്ടായ ചുഴലിക്കാറ്റിനെത്തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും 70 ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായി കർണാടക സർക്കാർ പറഞ്ഞു. കൂടാതെ 76 മത്സ്യബന്ധന ബോട്ടുകളും 271 വൈദ്യുത തൂണുകളും തകർന്നു.ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് കർണാടകയിലെ ആറ് ജില്ലകളിലായി 73 പേരുടെ ജീവനാണ് നഷ്ടമായത്.
കൂടുതൽ വായിക്കാന്‍: അടച്ചു പൂട്ടി കര്‍ണാടക, പാടില്ലാത്തത് എന്തൊക്കെ? ഏതെല്ലാം സേവനങ്ങള്‍ ലഭിക്കും?