ചണ്ഡിഗഢ്: രാജ്യത്ത് കാണാതായ കുട്ടികള്‍ 1,716 പേരെ ഹരിയാന പൊലീസ് കണ്ടെത്തി. കുട്ടികളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ കുടുംബങ്ങൾക്ക് കൈമാറിയതായി പൊലീസ് ഡയറക്ടർ ജനറൽ മനോജ് യാദവ പറഞ്ഞു. കണ്ടെത്തിയ കുട്ടികളിൽ 771 പേർ ആൺകുട്ടികളും 945 പെൺകുട്ടികളുമാണ്.
കുട്ടികളിൽ ചിലരെ വളരെക്കാലമായി കാണാതായതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം 1,189 ഭിക്ഷാടനം നടത്തിയ കുട്ടികളെയും, 1,941 ബാലവേലക്കാരെയും സംസ്ഥാന പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. ഈ കുട്ടികൾ ഒന്നുകിൽ കടകളിൽ ജോലി ചെയ്യുകയോ അവരുടെ ഉപജീവനത്തിനായി മറ്റു ജോലികൾ ചെയ്തു വരികയോ ആയിരുന്നുവെന്ന് യാദവ പറഞ്ഞു.
ഈ മഹാമാരിയുടെ ദുഷ്‌കരമായ സമയങ്ങളിൽ ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും പുറമെ, കാണാതായ കുട്ടികളെ കണ്ടെത്താൻ ഞങ്ങളുടെ ഉദ്യോഗസ്ഥരും പൊലീസുകാരും മുൻഗണന നൽകിയാതായി അദ്ദേഹം പറഞ്ഞു. കാണാതായ 1,433 കുട്ടികളെ ഫീൽഡ് യൂണിറ്റുകൾ കണ്ടെത്തി. 283 പേരെ സംസ്ഥാന ക്രൈംബ്രാഞ്ചിലെ പ്രത്യേക മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് കണ്ടെത്തിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശ്രമം ഹരിയാന പൊലീസ് തുടരുമെന്നും ശിശുക്ഷേമ സമിതികൾ, സർക്കാരിതര സംഘടനകൾ, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.