മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കണ്ടെത്തിയ സ്ഫോടക വസ്‌തു നിറച്ച കാറുടമയുടെ മരണത്തില്‍ നിഷ്‌പക്ഷ അന്വേഷണം ഉറപ്പു നല്‍കി ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്. പൊലീസിന്‍റെ ഉപദ്രവം കാരണമാണ് മന്‍സുഖ് ഹിരണിന്‍റെ മരണമെന്ന് ഭാര്യ ആരോപിച്ചിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുംബൈ പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് സച്ചിന്‍ വാസെയെ കേസുമായി ബന്ധപ്പെട്ട് ക്രൈം ബാഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ഇത് കേസില്‍ നിഷ്‌പക്ഷ അന്വേഷണം ഉറപ്പ് നല്‍കുന്ന നീക്കമാണെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് വ്യക്തമാക്കി. ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിലേക്കാണ് വാസെയെ മാറ്റിയിരിക്കുന്നത്.
നേരത്തെ മന്‍സുഖ് ഹിരണിന്‍റെ മരണത്തില്‍ വാസെയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപണവുമായി ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ സൗത്ത് മുംബൈയിലെ വീടിന് മുന്നിലുള്ള കാര്‍മിഷേല്‍ റോഡില്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് താനെ ജില്ലയിലെ കടലിടുക്കില്‍ വെച്ച് കാറുടമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.