ന്യൂഡല്‍ഹി : ആശുപത്രികളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അസമിലെ ഹൊജായ് ജില്ലയിൽ ഡോക്‌ടറെ ആള്‍ക്കൂട്ടം ആക്രമിച്ചതിന് പിന്നാലെയാണ് സംഘടന ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഡോ. സ്യൂജ് കുമാര്‍ സേനാപതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളെ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണം. ഡോക്‌ടർമാരുടെ മനോവീര്യവും ആരോഗ്യവും സംരക്ഷിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യേണ്ട സമയമാണിതെന്നും ഐഎംഎ പ്രസിഡന്‍റ് ഡോ ജെ ജയലാൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തടയാൻ സര്‍ക്കാര്‍ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read more: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം ; കേന്ദ്രത്തിന് കത്തെഴുതി ഐഎംഎ
ഒരു രോഗി മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൊവിഡ് ചികിത്സ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. സ്യൂജ് കുമാർ സേനാപതിയെ ചൊവ്വാഴ്‌ച ആള്‍ക്കൂട്ടം ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ, ആരോഗ്യ രംഗത്തെ അതിക്രമങ്ങള്‍ക്കെതിരെ ഫലപ്രദവും ശക്തവുമായ നിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചിരുന്നു. അതേസമയം, ഡോക്‌ടറെ മർദിച്ച കേസിൽ 24 പേരെ അറസ്റ്റ് ചെയ്‌തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.