ന്യൂഡൽഹി: ബക്രീദ് ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ ലോക്ക്‌ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ഐഎംഎ, നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ തീരുമാനം അനുചിതമാണെന്ന് ആരോപിച്ചു.
'നടപടി അനാവശ്യം, അനുചിതം': ഐഎംഎ
മഹാമാരി കണക്കിലെടുത്ത് ജമ്മു കശ്‌മീർ, ഉത്തർപ്രദേശ് തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവച്ചു. എന്നാൽ കേരള സർക്കാർ തീരുമാനം വലിയ ജനസമ്മേളനങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും സുരക്ഷയ്‌ക്കായി നിലവിലെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും ഐഎംഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് പ്രഖ്യാപിച്ച് സർക്കാർ
കഴിഞ്ഞ ദിവസമാണ് ബക്രീദ് കണക്കിലെടുത്ത് ജൂലൈ 18, 19, 20 ദിവസങ്ങളിൽ എല്ലാ ടെക്‌സ്റ്റൈൽസ്, ഫാൻസി സ്റ്റോറുകൾ, ജുവലറി, വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വിൽക്കുന്ന കടകൾ മുതലായവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി കേരള സർക്കാർ നൽകിയത്.
ALSO RAD: KERALA COVID CASES: കേരളത്തിൽ 13,956 പേർക്ക് കൂടി കൊവിഡ്; 81 മരണം
രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് പ്രവർത്തന സമയം. പ്രദേശങ്ങളിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി, സി, ഡി എന്നീ വീഭാഗങ്ങളായി തരംതിരിച്ചായിരുന്നു ഇളവുകൾ. ഓരോ വിഭാഗങ്ങളിലും ഉൾപ്പെടുന്ന പ്രദേശത്തെ കടകൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിക്കൊണ്ടാണ് സർക്കാരിന്‍റെ ഉത്തരവ്.