ചെന്നൈ : സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇനി റോബോട്ട്. ഐഐടി മദ്രാസിലെ വിദ്യാര്‍ഥികളാണ് 'ഹോമോസെപ്' എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് മെഷീന്‍ വികസിപ്പിച്ചത്. മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുന്ന ജോലിയിലേര്‍പ്പെടുന്ന ശുചീകരണത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സഫായി കര്‍മചാരി ആന്ദോളനുമായി ചേർന്നാണ് ഐഐടി മദ്രാസിലെ വിദ്യാര്‍ഥി സംഘം പുതിയ റോബോട്ട് മെഷീന്‍ വികസിപ്പിച്ചത്.
സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളികള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഫായി കര്‍മചാരി ആന്ദോളനുമായി ഐഐടി മദ്രാസിലെ വിദ്യാര്‍ഥി സംഘം കൈകോര്‍ത്തത്. തമിഴ്‌നാട്ടില്‍ ഈ വര്‍ഷം മാത്രം ആറ് പേരാണ് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് മരണപ്പെട്ടത്. ഇനി ഒരു മനുഷ്യ ജീവനും നഷ്‌ടപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണ് മെഷീന്‍ രൂപകല്‍പ്പന ചെയ്‌തതെന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പ്രൊഫസര്‍ പ്രഭു രാജഗോപാല്‍ പറയുന്നു.
'താംബരം സഫായി കരംചാരി എന്‍റര്‍പ്രൈസസ്' : 2007ല്‍ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് മരിച്ച താംബരം സ്വദേശിയുടെ ഭാര്യ നാഗമ്മാള്‍ക്ക് വിദ്യാര്‍ഥികള്‍ റോബോട്ട് കൈമാറി. സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായുള്ള സാങ്കേതിക സഹായം നല്‍കാനായി 'താംബരം സഫായി കരംചാരി എന്‍റര്‍പ്രൈസസ് (ടിഎസ്‌കെഇ)' എന്ന പേരില്‍ പുതിയ സംരംഭം ആരംഭിക്കുമെന്ന് സഫായി കര്‍മചാരി ആന്ദോളന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. നാഗമ്മാളായിരിയ്ക്കും 'ഹോമോസെപ്' ഉപയോഗിച്ച് ഈ സംരംഭത്തെ നയിക്കുക.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളും സംരംഭത്തിന്‍റെ ഭാഗമാകും. വരും മാസങ്ങളില്‍ ഇത്തരത്തില്‍ 9 മെഷീനുകള്‍ നിര്‍മിക്കും. സെപ്‌റ്റംബറോടെ മെഷീനുകള്‍ വിപണിയിലെത്തിക്കാനാണ് വിദ്യാർഥി സംഘത്തിന്‍റെ തീരുമാനം.