ചെന്നൈ: സാമൂഹ്യ പ്രാധാന്യമുള്ള പദ്ധതികള്‍ നിറവേറ്റുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2021-22) മദ്രാസ് ഐഐടി സമാഹരിച്ചത് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക. 131 കോടിരൂപയാണ് പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും, കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും മറ്റ് സംഭാവകരില്‍ നിന്നും ഐഐടി മദ്രാസ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സ്വരൂപിച്ചത്. ഫണ്ട് സ്വരൂപണത്തിന്‍റെ ചുമതല കോര്‍പ്പറേറ്റുകളുമായും പൂര്‍വകാല വിദ്യാര്‍ഥികളുമായുമുള്ള ബന്ധത്തിന് മേല്‍നോട്ടം വഹിക്കുന്ന ഓഫീസിനായിരുന്നു.
കൊവിഡ് കാലഘട്ടമായിരുന്നിട്ട് കൂടി ഫണ്ട് സ്വരൂപണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപെടുത്തിയത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിലിബിറ്റി(സിഎസ്‌ആര്‍)യുടെ ഭാഗമായി ഐഐടി മദ്രാസിന് സംഭവാന നല്‍കുന്ന കോര്‍പ്പറേറ്റുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വരൂപിച്ച 131 കോടിരൂപയില്‍ പകുതിയും സിഎസ്ആറിന്‍റെ ഭാഗമായിട്ടുള്ള ഫണ്ടാണ്.
സമൂഹ്യ പ്രസക്‌തമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വേണ്ടി മദ്രാസ് ഐഐടിയിലെ പ്രഫസര്‍മാരുടെ നേതൃത്വത്തിലുള്ള ഉന്നത നിലവാരമുള്ള ഗവേഷണമാണ് സംഭാവനകളെ ആകര്‍ഷിക്കുന്നതെന്ന് ഐഐടി മദ്രാസിലെ അലുമിനി ആന്‍ഡ് കോര്‍പ്പറേറ്റ് റിലേഷന്‍സ് ഡീന്‍ പ്രഫ: മഹേഷ് പഞ്ചങ്നുല പറഞ്ഞു. ഐഐടി മദ്രാസിന്‍റെ വളര്‍ച്ചയ്‌ക്ക് പൂര്‍വവിദ്യാര്‍ഥികള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.