ശ്രീനഗര്‍ : മരം കോച്ചുന്ന തണുപ്പില്‍ മഞ്ഞുകട്ടകള്‍ കൊണ്ട് നിര്‍മിച്ച 'ഇഗ്ലൂ' കഫേയില്‍ ഇരുന്ന് തനി നാടന്‍ കശ്മീരി ഭക്ഷണം കഴിച്ചാലോ...? ശൈത്യകാലം ആരംഭിച്ചതോടെ സഞ്ചാരികള്‍ക്കായി വ്യത്യസ്ഥമായ കഫേ ഒരുക്കിയിരിക്കുകയാണ് കശ്മീര്‍ ടൂറിസം വകുപ്പ്. എസ്‌കിമോകളുടെ മഞ്ഞുവീടായ ഇഗ്ലൂ മാതൃകയിലാണ് കഫേ ഒരുക്കിയിരിക്കുന്നത്.
ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്കീ റിസോട്ടിലാണ് 'ഇഗ്ലൂ' കഫേ പ്രവര്‍ത്തിക്കുന്നത്. 37.5 അടി ഉയരത്തില്‍ 44.5 അടി വീതിയില്‍ മഞ്ഞുകട്ടകള്‍കൊണ്ടാണ് വീടിന്‍റെ നിര്‍മാണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇഗ്ലൂ കഫേയാണിതെന്ന് അധികൃതര്‍ അറിയിച്ചു.
Also Read: മഞ്ഞില്‍ കുളിച്ച് കശ്‌മീർ... ദൃശ്യങ്ങള്‍ കാണാം...
മഞ്ഞിന്‍റെ ചുമരുകളില്‍ ചിത്രപ്പണികളും ഇരിക്കാനും ഭക്ഷണം കഴിക്കാനും മഞ്ഞുകൊണ്ട് നിര്‍മിച്ച് ഷീപ്പ് മൃഗത്തിന്‍റെ തോല്‍ വിരിച്ച ഇരിപ്പിടങ്ങളുമാണ് ഏറ്റവും വലിയ പ്രത്യേകത. കശ്മീരിന്‍റെ തനത് ശൈത്യകാല ഭക്ഷണവും സഞ്ചാരികള്‍ക്കായി വിളമ്പുന്നുണ്ടെന്ന് ഇഗ്ലൂ കഫേ മെമ്പര്‍ മഹൂര്‍ പറഞ്ഞു.
സ്വപ്ന തുല്യമെന്ന് കഫേയില്‍ എത്തിയ പൂനെ സ്വദേശിയായ ഏക്ത അഭിപ്രായപ്പെട്ടു. വിവരാണാതീതമെന്നാണ് കഫേയെ കുറിച്ച് മറ്റൊരു സഞ്ചാരിയായ സ്വപ്നില്‍ കഥോരെയുടെ അഭിപ്രായം. കശ്മീരില്‍ എത്തുന്നവര്‍ തീര്‍ച്ചയായും ഗുല്‍മാര്‍ഗും പല്‍ഗാമും സന്ദര്‍ശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഏറ്റവും വലിയ ഇഗ്ലൂവുള്ളത് സ്വിറ്റ്സര്‍ലന്‍റിലാണ്. 2016ല്‍ നിര്‍മിച്ച ഇതിനാണ് നിലവിലെ ലോക റെക്കോഡ്. എന്നാല്‍ ഇതിനേക്കാള്‍ വലിയ ഇഗ്ലൂവാണ് തങ്ങള്‍ നിര്‍മിച്ചതെന്നും ലോക റെക്കോഡിനായുള്ള ശ്രമം തുടങ്ങിയതായും അധികൃതര്‍ അവകാശപ്പെട്ടു.