രാജമഹേന്ദ്രവാരം (ആന്ധ്രാപ്രദേശ്): നിസ്വാർഥമായി സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥർ എന്നെന്നും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നതിന്‍റെ തെളിവാണ് പന്തല്ലപ്പള്ളി ശ്രീനിവാസ് എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനോട് ചാമരാജനഗർ ജില്ലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിലെ ജനങ്ങൾക്കുള്ള സ്നേഹം. ദൈവതുല്യമായാണ് ശ്രീനിവാസിനെ, വനം കൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ ഗ്രാമമായ ഗോപിനാഥത്തെ ജനങ്ങൾ കാണുന്നത്. അദ്ദേഹത്തിന്‍റെ പേരിൽ ഗോപിനാഥം ഗ്രാമത്തിൽ ഒരു ക്ഷേത്രമുണ്ട്. തങ്ങളുടെ ആരാധന ദേവതയായ മാരിയമ്മനൊപ്പം ശ്രീനിവാസിന്‍റെ ചിത്രത്തിനും ഗ്രാമവാസികൾ പൂജ ചെയ്യുന്നു.
എന്നാൽ എന്തിനാണ് ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം സ്വദേശിയായ പന്തല്ലപ്പള്ളി ശ്രീനിവാസ് എന്ന പി.ശ്രീനിവാസിനെ കർണാടക-തമിഴ്‌നാട് അതിർത്തിയിലുള്ള ഗോപിനാഥം ഗ്രാമത്തിലെ ജനങ്ങൾ ഇത്രയേറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്? എങ്ങനെയാണ് വനം കൊള്ളക്കാരനായ വീരപ്പന്‍റെ ഗ്രാമത്തിലെ ജനങ്ങൾക്ക് ഒരു ഫോറസ്റ്റ് ഓഫിസർ പ്രിയപ്പെട്ടവനാകുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം അദ്ദേഹത്തിന്‍റെ ജീവിതം തന്നെയാണ്.
കാടിനോടുള്ള ഭ്രമം കാരണം 25-ാമത്തെ വയസിൽ ഐഎഫ്എസ് എഴുതിയെടുത്തയാളാണ് ശ്രീനിവാസ്. ഗോപിനാഥം ഗ്രാമത്തിൽ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയി ചാർജെടുത്ത അദ്ദേഹം കാടിനെ നശിപ്പിക്കുന്ന, ചന്ദനമരങ്ങൾ മോഷ്‌ടിക്കുന്ന, ആനകളെ കൊന്നൊടുക്കുന്ന വീരപ്പൻ എന്ന കാട്ടുകള്ളനെ പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വീരപ്പനെ പിടികൂടണമെങ്കിൽ ഗ്രാമവാസികളുട സഹായം കൂടിയേ തീരൂവെന്ന് മനസിലാക്കിയ ശ്രീനിവാസ് ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങളോട് അനുഭാവപൂർവം ഇടപെട്ടു. അവരെ കേൾക്കാൻ തയാറായി. അവരുടെ വിശ്വാസമാർജിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്‌തു. വീരപ്പനെ വേട്ടയാടാൻ വേണ്ടി അനുവദിക്കപ്പെട്ടിരുന്ന ഫണ്ടിലെ പണം ചെലവിട്ടുകൊണ്ട് അദ്ദേഹം ഗോപിനാഥത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.
അവിടെ മൂന്നുലക്ഷം രൂപ ചെലവിട്ടുകൊണ്ട് ഗ്രാമീണർക്കായി ഒരു മാരിയമ്മൻ കോവിൽ ശ്രീനിവാസ് നിർമിച്ചുകൊടുത്തു. ഗ്രാമാതിർത്തിയിൽ പലയിടത്തും ശുദ്ധജലം സൗജന്യമായി ലഭ്യമാക്കി. റോഡുകൾ സഞ്ചാരയോഗ്യമാക്കി. അദ്ദേഹം വിഭാവനം ചെയ്ത സഞ്ചരിക്കുന്ന ഡിസ്‌പെൻസറി ഗ്രാമത്തിലങ്ങോളമിങ്ങോളം വൈദ്യസേവനങ്ങൾ നൽകി. ഗ്രാമീണർക്ക് വേണ്ട വൈദ്യസഹായങ്ങൾ ചെയ്യാൻ ശ്രീനിവാസ് തന്നെ പ്രാഥമികശുശ്രൂഷകളിൽ പരിശീലനം നേടി. അവരെ ശുശ്രൂഷിച്ചു. ഗ്രാമവാസികളുടെ വിശ്വാസം നേടിയെടുത്തു.
1986ല്‍ ശ്രീനിവാസ് വീരപ്പനെ അറസ്റ്റ് ചെയ്‌ത് ബെംഗളുരുവിലേക്ക് കൊണ്ടുപോയി. ഈ ഒരു തവണ മാത്രമാണ് വീരപ്പന്‍ പൊലീസ് പിടിയിലായിട്ടുള്ളത്. പക്ഷേ, ശ്രീനിവാസിന്‍റെ കസ്റ്റഡിയിലിരിക്കെ വീരപ്പന്‍ രക്ഷപ്പെട്ടു.
ബെംഗളൂരുവില്‍വച്ച് പൊലീസ് പിടിയിലായ വീരപ്പനെ ഫോറസ്റ്റ് ഓഫിസര്‍ പി.ശ്രീനിവാസിന് കൈമാറുകയായിരുന്നു. ഈ ഒരു തവണ മാത്രമാണ് വീരപ്പന്‍ പൊലീസ് പിടിയിലായിട്ടുള്ളത്. ചാമരാജനഗറില്‍ ശ്രീനിവാസിന്‍റെ കസ്റ്റഡിയിലിരിക്കെ വീരപ്പന്‍ രക്ഷപ്പെട്ടു. തന്‍റെ എല്ലാ പദ്ധതികളും തകർത്ത ശ്രീനിവാസിനെ ഇല്ലാതാക്കാൻ വീരപ്പൻ പല തവണ ശ്രമിച്ചു. ഒടുക്കം, 11 വര്‍ഷങ്ങള്‍ക്ക് ശേഷം, ശ്രീനിവാസ് നിരായുധനായി കാടുകേറി വന്നുകണ്ടു സംസാരിച്ചാൽ കീഴടങ്ങാന്‍ ഒരുക്കമാണെന്ന് ധരിപ്പിച്ച് അദ്ദേഹത്തെ തന്ത്രപൂർവം കാട്ടിനുള്ളിലേക്ക് വരുത്തിച്ചു. നിരായുധനായി കാടുകയറിയ ശ്രീനിവാസിനെ 1991 നവംബര്‍ 9ന് നെല്ലൂരില്‍ വെടിവച്ച് കൊലപ്പെടുത്തി. ശേഷം കഴുത്ത് മുറിച്ച് ഗ്രാമത്തിൽ കെട്ടിത്തൂക്കി.
1992ൽ ശ്രീനിവാസിന് മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ ‘കീർത്തി ചക്ര’ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. ഔദ്യോഗിക കർമപഥത്തിൽ പൊലിഞ്ഞ ആ ധീരനായ ഓഫിസറുടെ വെങ്കല പ്രതിമ ഈ മാസം 11ന് ക്ഷേത്രത്തിൽ അനാച്ഛാദനം ചെയ്യും. കർണാടക സർക്കാർ ഇതിനകം അദ്ദേഹത്തിന്‍റെ സ്‌മാരകം നിർമിച്ചിട്ടുണ്ട്. ശ്രീനിവാസ് ഉപയോഗിച്ചിരുന്ന ജീപ്പും സ്‌മാരകമാക്കി സൂക്ഷിച്ചിട്ടുണ്ട്. വനംവകുപ്പ് ഗസ്റ്റ് ഹൗസിന് അദ്ദേഹത്തിന്‍റെ പേരാണ് നൽകിയിരിക്കുന്നത്. ശ്രീനിവാസിന്‍റെ സ്‌മരണയ്ക്കായി ഒരു എക്‌സിബിഷൻ ഹാളും ഒരുക്കിയിട്ടുണ്ട്.