ഹൈദരാബാദ്: 2020ൽ ലോകത്താകമാനം 65 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ജർണലിസ്റ്റ്സ് (ഐഎഫ്ജെ). തങ്ങളുടെ ജോലിക്കിടയിലാണ് 65 പേരും കൊല്ലപ്പെട്ടതെന്നും ഐഎഫ്ജെ വ്യക്തമാക്കി. 2019ൽ 48 മാധ്യമപ്രവർത്തകരായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് മുൻപ് 1990കളിലായിരുന്നു ഇത്രയധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നതെന്നും ഐഎഫ്ജെ കൂട്ടിചേർത്തു. ഇരുന്നൂറിലധികം മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽ ചെയ്‌തു എന്ന കാരണത്താല്‍ നിലവിൽ ജയിലിൽ കഴിയുന്നുണ്ടെന്നും ഐഎഫ്ജെ റിപ്പോർട്ട് ചെയ്‌തു.
16 രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കാണ് ബോംബ് ആക്രമണങ്ങൾ, ക്രോസ്‌ഫയർ സംഭവങ്ങൾ എന്നിവയാല്‍ ജീവൻ നഷ്‌ടമായത്. 1990 മുതൽ ഐഎഫ്ജെ കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയതിൽ പിന്നെ 2,680 മാധ്യമപ്രവർത്തകരാണ് ലോകത്താകെ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിലെ തീവ്രവാദി ആക്രമണവും ഇന്ത്യയിലെയും ഫിലിപ്പൈൻസിലെയും സത്യസന്ധ മാധ്യമപ്രവർത്തനത്തോടുള്ള ഭരണകൂടത്തിന്‍റെ അസഹിഷ്‌ണുത തുടങ്ങിയവയാണ് മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഐഎഫ്‌ജെ ജനറൽ സെക്രട്ടറി ആന്‍റണി ബെലാഞ്ചർ പറഞ്ഞു.
അഞ്ച് വർഷത്തിനിടെ നാലാം തവണയാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ മെക്‌സിക്കോ ഒന്നാമതെത്തുന്നത്. 14 മാധ്യമപ്രവർത്തകരാണ് മെക്‌സിക്കോയിൽ കൊല്ലപ്പെട്ടത്. അഫ്‌ഗാനിസ്ഥാനിൽ 10, പാകിസ്ഥാനിൽ ഒമ്പത്, ഇന്ത്യയിൽ എട്ട്, ഫിലിപ്പീൻസ്, സിറിയ എന്നിവിടങ്ങളിൽ നാല് വീതം, നൈജീരിയ, യെമൻ എന്നിവിടങ്ങളിൽ മൂന്ന് വീതം മാധ്യമപ്രവർത്തകരാണ് 2020ൽ മാത്രം കൊല്ലപ്പെട്ടത്. ഇറാഖിൽ രണ്ട് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. അതേസമയം, സൊമാലിയ, ബംഗ്ലാദേശ്, കാമറൂൺ, ഹോണ്ടുറാസ്, പരാഗ്വേ, റഷ്യ, സ്വീഡൻ എന്നിവിടങ്ങളിൽ ഓരോ കൊലപാതകവും നടന്നു. തുർക്കിയിൽ 67 ഓളം മാധ്യമപ്രവർത്തകരാണ് ജയിലിൽ കഴിയുന്നത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ ജയിലുകളിൽ കഴിയുന്ന രാജ്യവും തുർക്കിയാണെന്ന് ഐഎഫ്ജെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ചൈനയിൽ 23, ഈജിപ്‌തിൽ 20, എറിത്രിയയിൽ 16, സൗദി അറേബ്യയിൽ 14 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം.
നിലവിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകരിൽ പ്രമുഖനാണ് 32 കാരനായ തീൻ സാവ്. ഇദ്ദേഹത്തെ മ്യാൻമറിൽ പട്ടാള ഭരണകൂടം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് തീൻ സാവിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിന് ഓങ് സാൻ സൂകിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മ്യാൻമർ സൈന്യം അട്ടിമറിച്ചതിന് ശേഷം 38 മാധ്യമപ്രവർത്തകരെ പട്ടാളം കസ്റ്റഡിയിലെടുത്തതായും 19 പേർ ഇപ്പോഴും തടവിലാണെന്നും ഇൻഡിപെൻഡന്‍റ് അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേർസ് എന്ന സംഘടന പറഞ്ഞു.