ന്യൂഡല്‍ഹി: രാജ്യത്താകമാനം കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ആഗോള ടെന്‍ഡര്‍ വിളിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന്ധ്രാപ്രദേശ്, കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, എന്നീ സംസ്ഥാന സർക്കാരുകൾ ആഗോള ടെൻഡറുകള്‍ വിളിക്കേണ്ട ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം സ്വന്തം നിലയില്‍ ടെന്‍ഡറുകള്‍ വിളിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളും പ്രത്യേക ആഗോള ടെൻഡറുകൾ വിളിച്ചാല്‍, വാക്സിൻ കമ്പനികൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത വിലകൾ നൽകുമെന്നും സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കാൻ തുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും സത്യേന്ദർ ജെയിൻ പറഞ്ഞു.
Also Read: കാൺപൂരില്‍ ഗംഗ നദിയുടെ തീരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ
രാജ്യത്തിന് വേണ്ടത്ര വാക്സിന്‍ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 30 കമ്പനികളെങ്കിലും ഇന്ത്യയിലുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ വാക്സിനുകൾ വിദേശത്തേക്ക് അയച്ചതായി കേന്ദ്രം പറയുന്നു, ഇപ്പോൾ ഞങ്ങൾ പുറത്തു നിന്ന് വാക്സിനുകൾ വാങ്ങേണ്ട സ്ഥിതിയാണ്. ഇത് വളരെ വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യതലസ്ഥാനത്തെ 100 ഓളം വാക്സിന്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ അടച്ചിടേണ്ട അവസ്ഥയിലാണ്. ഭാരത് ഭയോടെക്കിനോട് വാക്സിന്‍ ഫോര്‍മുല മറ്റ് കമ്പനികളുമായി പങ്ക് വയ്ക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കണമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്സിനിന്‍റെ വില 150 രൂപയില്‍ കൂടാന്‍ പാടില്ലെന്ന് കേന്ദ്രം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമാന അഭിപ്രായം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കഴിഞ്ഞ ദിവസം ഉന്നയിച്ചുരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡല്‍ഹിയില്‍ 10,489 പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 14.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.