ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകാത്ത ആന്ധ്രാപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പരീക്ഷ നടത്തിപ്പിനെ തുടര്‍ന്ന് വൈറസ് വ്യാപനത്തില്‍ എന്തെങ്കിലും ഗുരുതരാവസ്ഥ ഉണ്ടായാല്‍ ആന്ധ്ര സര്‍ക്കാരിനെ ഉത്തരവാദിയാക്കുമെന്ന് കോടതി വ്യക്തമാക്കി.
''വ്യക്തമായ കാരണം ബോധിപ്പിക്കണം''
ആന്ധ്രാപ്രദേശും കേരളവും മാത്രമാണ് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നടത്തുന്നതില്‍ നിന്നും പിന്തിരിയാത്ത രണ്ട് സംസ്ഥാനങ്ങൾ. പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഈ സംസ്ഥാനങ്ങള്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. മരണ സംഖ്യ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ആന്ധ്ര സര്‍ക്കാരിനെ തങ്ങൾ ഉത്തരവാദികളാക്കുമെന്ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനത്തിനായി ഹാജരായ അഭിഭാഷകനോടു പറഞ്ഞു.
''വിദ്യാര്‍ഥികളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു''
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബോർഡ് പരീക്ഷകൾ നടത്തരുതെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നല്‍കണമെന്ന ഹർജി പരിഗണിയ്ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. അതേസമയം, തുടക്കത്തിൽ തന്നെ പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം ജൂലൈ ആദ്യ വാരമേ ഉണ്ടാകുകയുള്ളൂവെന്ന് ആന്ധ്രയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മഹ്ഫൂസ് നസ്കി പറഞ്ഞു. ജൂലൈ ആദ്യ വാരം വരെ തീരുമാനം വൈകിപ്പിച്ചുകൊണ്ട് സംസ്ഥാനം എന്തിനാണ് വിദ്യാർഥികളുടെ മനസ്സിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു.
ALSO READ: പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നു; ബിപിൻ റാവത്ത്