ജമ്മു കശ്മീര്‍ : സൈന്യത്തിന്‍റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. ജമ്മു-രജൗരി ദേശീയപാതയില്‍ തീവ്രവാദികള്‍ സ്ഥാപിച്ച ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ബോംബ് സൈന്യം നിര്‍വീര്യമാക്കി. രാവിലെ 9.10-ഓടെയാണ് ബോംബ് കണ്ടെത്തിയതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
രാത്രിയാകാം ബോംബ് സ്ഥാപിച്ചതെന്നാണ് സൈന്യത്തിന്‍റെ നിഗമനം. ഇന്ത്യന്‍ ആര്‍മിയുടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പുറത്തെടുത്ത ബോംബ് അടുത്തുള്ള കാട്ടില്‍ എത്തിച്ച് ആളപായമില്ലാതെ പൊട്ടിച്ചു. സംഭവത്തിന് പിന്നാലെ ഹൈവേയില്‍ സൈന്യം സുരക്ഷ ശക്തമാക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തു.
കൂടുതല്‍ വായനക്ക്:- കശ്‌മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍
പ്രദേശത്ത് തീവ്രവാദികള്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. ഹൈവേ വഴിയുള്ള എല്ലാ യാത്രകളും സൈന്യം റദ്ദ് ചെയ്തിരുന്നു. ഹൈവേയിലേക്ക് കടക്കാനുള്ള പ്രധാന റോഡുകളില്‍ യാത്ര റദ്ദ് ചെയ്തു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഹൈവേ വഴിയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം തടസപ്പെട്ടതായാണ് റിപ്പോര്‍ട്ട്.