ഹൈദരാബാദ് : ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ആവേശമുണര്‍ത്തി ലോകകപ്പ് ട്രോഫി റാമോജി ഫിലിം സിറ്റിയിലെത്തി (Ramoji Film City). ബുധനാഴ്‌ച (20.09.2023) വൈകുന്നേരമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ICC), ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി റാമോജി ഫിലിം സിറ്റിയില്‍ എത്തിച്ചത്. ലോകകപ്പ് പ്രചരണാര്‍ഥം ഐസിസി നടത്തുന്ന ട്രോഫി പ്രദര്‍ശന പര്യടനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്.
റാമോജി ഫിലിം സിറ്റിയിലെ കാരംസ് ഗാർഡനിലെ ചടങ്ങില്‍ ആര്‍എഫ്‌സി മാനേജിങ് ഡയറക്‌ടര്‍ സിഎച്ച് വിജയേശ്വരിയാണ് ട്രോഫി അനാച്ഛാദനം ചെയ്‌തത്. ഈനാട് മാനേജിങ് ഡയറക്‌ടര്‍ സിഎച്ച് കിരണ്‍, ഇടിവി സിഇഒ ബാപിനീടു എന്നിവരും സംബന്ധിച്ചു. അതേസമയം ലോകകപ്പിന്‍റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്നും തുടങ്ങിയ ട്രോഫി പര്യടനം കുവൈറ്റ്, ബഹ്‌റൈൻ, മലേഷ്യ, യുഎസ്എ, നൈജീരിയ, ഉഗാണ്ട, ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനിയ തുടങ്ങി 18 രാജ്യങ്ങള്‍ പിന്നിട്ട ശേഷമാണ് ഇന്ത്യയിലേക്ക് വീണ്ടുമെത്തിയത്.
എല്ലാവര്‍ക്കും കാണാം, പക്ഷേ ആര്‍ക്കെല്ലാം സ്‌പര്‍ശിക്കാം? : ഐസിസി ട്രോഫി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പ്രോട്ടോകോളുകള്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞടുക്കപ്പെട്ട ഒരു കൂട്ടം വ്യക്തികള്‍ക്ക് മാത്രമേ ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തുന്നതിനായി ട്രോഫിയില്‍ തൊടാനും അത് എടുത്തുയര്‍ത്താനും അനുവാദമുള്ളൂ. ഇതുപ്രകാരം ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങള്‍ക്കും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് അല്ലെങ്കില്‍ അനുബന്ധ യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്ന അന്താരാഷ്‌ട്ര താരങ്ങള്‍ക്കും മറ്റ് താരങ്ങള്‍ക്കും ട്രോഫിയില്‍ സ്‌പര്‍ശിക്കാനാവും.
വിജയിക്ക് ട്രോഫി സ്വന്തമോ ? : ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി എന്നത് ആഗോള ക്രിക്കറ്റിന്‍റെ സമ്പത്താണ്. അത് എന്നും ഐസിസിയുടെ സ്വത്തായി തന്നെ അവശേഷിക്കും. ലോകകപ്പ് ജേതാക്കളുടെ പേര് യഥാര്‍ഥ ട്രോഫിയില്‍ കൊത്തിവച്ച ശേഷം, ട്രോഫിയുടെ മറ്റൊരു പകര്‍പ്പാണ് വിജയികള്‍ക്ക് സമ്മാനിക്കാറുള്ളത്.
കപ്പ് തനിത്തങ്കമോ? : ലണ്ടനിലെ ക്രൗണ്‍ ജ്വല്ലേഴ്‌സായ ഗരാര്‍ഡാണ് ലോകകപ്പ് ട്രോഫി രൂപകല്‍പ്പന ചെയ്‌ത് നിര്‍മിച്ചിട്ടുള്ളത്. ഏകദേശം 11 കിലോ ഭാരമുള്ള സിൽവർ ഗിൽറ്റിൽ നിർമിച്ച ട്രോഫിക്ക് 60 സെന്‍റീമീറ്ററാണ് ഉയരം. മാത്രമല്ല ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ്, എന്നിവയെ പ്രതിനിധീകരിക്കുന്ന തരത്തില്‍ മൂന്ന് സില്‍വര്‍ കോളംസില്‍ ഉയർത്തിപ്പിടിച്ച ഒരു ഗോൾഡൻ ഗ്ലോബാണ് ലോകകപ്പ് ട്രോഫി.
അതായത് ക്രിക്കറ്റ് ബോളിന്‍റെ രൂപത്തിലാണ് ഗ്ലോബിന്‍റെ രൂപകല്‍പ്പന. സ്റ്റംപും ബെയ്‌ല്‍സുമായാണ് കോളംസിന്‍റെ നിര്‍മാണം. കൂടാതെ ഏത് കോണിൽ നിന്ന് നോക്കിയാലും ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയപ്പെടുന്നതിന് പ്ലാറ്റോണിക് ഡൈമെന്‍ഷനിലാണ് ട്രോഫി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
പണച്ചെലവ് ഇങ്ങനെ : ഒരിക്കലും ലോകകിരീടം എന്ന ഖ്യാതിയോളം വലുതല്ല, ലോകകപ്പ് ട്രോഫിയുടെ മൂല്യം. എന്നാല്‍ മറ്റ് ടൂര്‍ണമെന്‍റുകളിലെ ട്രോഫികളേക്കാള്‍ വിലമതിക്കുന്നത് തന്നെയാണ് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി. അതായത് GB£40,000 (നിലവില്‍ 30,85,320 ഇന്ത്യന്‍ രൂപ) ആണ് ട്രോഫിയുടെ മൂല്യം. അതേസമയം 1999 ലെ ലോകകപ്പ് മുതലാണ് നിലവില്‍ കാണുന്ന തരത്തിലുള്ള ട്രോഫി വിജയികള്‍ക്ക് നല്‍കിത്തുടങ്ങിയത്.