ലഖ്‌നൗ: അവധിക്കെത്തിയ വ്യോമസേന ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ശുക്ലഗഞ്ച് പ്രേം നഗർ നിവാസിയായ പ്രതീക് സിങ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് പോയ ഇയാളെ ശരീരം മുഴുവൻ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജൂണ്‍ 11നാണ് ജമ്മുവില്‍ നിന്ന് പ്രതീക് നാട്ടിലെത്തിയത്. തിങ്കളാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് പ്രതീക് വീട്ടില്‍ നിന്ന് പോയത്. ഒരു ഫോൺ കോൾ ലഭിച്ച ശേഷമാണ് പ്രതീക് പുറത്തേക്ക് പോയത്. ഏറെ വൈകിയിട്ടും തിരികെ എത്താതെ ഇരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വെടിയേറ്റ മുറിവുകളുമായി മൃതദേഹം റോഡിൽ കിടക്കുന്നത് കണ്ടത്. കണ്ണിനടക്കം വെടിയേറ്റിരുന്നു. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
also read: കുറ്റകൃത്യങ്ങളില്ലാത്ത നാട് ദൈവത്തിന് പോലും വാഗ്‌ദാനം ചെയ്യാനാകില്ലെന്ന് ഉത്തർപ്രദേശ് മന്ത്രി
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതീകിന്‍റെ ബന്ധു വ്യോമസേനയിലെ ഉദ്യോഗസ്ഥനും ഉന്നാവോയുടെ അച്ചൽഗഞ്ചിലെ താമസക്കാരനുമായ വിനയ് സോണി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് അന്വേഷണം ശക്തിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.