കൊല്‍ക്കത്ത : രാജ്യത്തെ സാമുദായിക ഐക്യം തകർക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ തല കുനിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഈദിനോടനുബന്ധിച്ച് ചൊവ്വാഴ്‌ച കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. രാജ്യത്തെ നിലവിലെ സാഹചര്യം മോശമാണെന്നും വര്‍ഗീയവാദികള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
ചിലർ വർഗീയതയുടെ രാഷ്‌ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ബിജെപിയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് മമത പറഞ്ഞു. 'ബംഗാളിലെ ജനങ്ങൾ ഐക്യത്തിലാണ് ജീവിക്കുന്നത്, അത് ചിലര്‍ക്ക് ദഹിക്കുന്നില്ല, അതുകൊണ്ടാണ് ആളുകളെ ഭിന്നിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നത്. ഞാൻ അത്തരം ആളുകളുടെ മുന്നില്‍ തല കുനിക്കില്ല,' മമത പറഞ്ഞു.
ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാജ്യത്തെ ഭിന്നിപ്പിക്കാനായി വര്‍ഗീയ ശക്തികള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനും ഐക്യത്തോടെ ജീവിക്കാനും എല്ലാവരും ഒന്നിക്കണമെന്നും മമത ആഹ്വാനം ചെയ്‌തു.