ബെംഗളൂരു : ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാൻഡ് നിര്‍ദേശിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വരുണയിൽ മത്സരിക്കാൻ പറഞ്ഞാൽ അവിടെയായിരിക്കും. കോലാറിൽ ഇറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെയുമാകുമെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് പറഞ്ഞു. ശനിയാഴ്‌ച ബംഗളൂരുവിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോലാറിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. ഈ സാഹചര്യത്തില്‍ക്കൂടിയാണ് മുതിർന്ന നേതാവിന്‍റെ പ്രതികരണം.
കോലാറില്‍ ഇറങ്ങുന്നതില്‍ തെല്ലും ആശങ്കയില്ല. എന്‍റെ മത്സരത്തെക്കുറിച്ചും മണ്ഡലത്തെക്കുറിച്ചും ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. ഈ മാസം 22ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഉഗാദി ആഘോഷത്തോടനുബന്ധിച്ചാണ് പട്ടിക പുറത്തുവരിക' - അദ്ദേഹം പറഞ്ഞു.
നിലവിലെ എംഎൽഎമാരില്‍ ആരൊക്കെ മത്സരിക്കുമെന്ന ചോദ്യത്തോട് അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. യതീന്ദ്ര സിദ്ധരാമയ്യ (സിദ്ധരാമയ്യയുടെ മകൻ) ഇപ്പോൾ വരുണ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. നിലവില്‍, വരുണ മണ്ഡലത്തിൽ നിന്നുള്ള ഒരേയൊരു പേര് യതീന്ദ്രയുടേതാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപി നേതാക്കളെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൂടുതൽ പേര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കി.
Also Read: അമൃത്‌പാല്‍ സിങ്ങിന്‍റെ അറസ്‌റ്റ് സിനിമ സ്റ്റൈലില്‍; ദേശീയ പാതയില്‍ അരങ്ങേറിയത് വന്‍ ചേയ്‌സ്
'എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഞങ്ങൾ ഇവിടെ വന്നത് ജനങ്ങളെ സേവിക്കാനാണ്. ബാദാമി നിയോജക മണ്ഡലത്തിൽ നിന്നുള്ളവരും അവിടെ മത്സരിക്കണമെന്ന് നിർബന്ധം പിടിക്കുന്നുണ്ട്. എന്‍റെ അഭിപ്രായത്തിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെടുന്നില്ല. എന്തായാലും നേതൃത്വത്തിന്‍റെ തീരുമാനം അന്തിമമാണ്. ഹൈക്കമാൻഡ് പറയുന്ന മണ്ഡലത്തിൽ നിന്ന് ഞാൻ മത്സരിക്കും.
ഇതുവരെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാൻ ഞാന്‍ അപേക്ഷിച്ചിട്ടില്ല. അതെല്ലാം ഹൈക്കമാൻഡിന്‍റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്' - സിദ്ധരാമയ്യ പറഞ്ഞു.
കോലാറിൽ നിന്ന് സിദ്ധരാമയ്യ മത്സരിച്ചാൽ ജയിച്ചേക്കില്ലെന്നാണ് പാർട്ടി നടത്തിയ ആഭ്യന്തര സർവേയിൽ കണ്ടെത്തിയത്. ഇതോടെ ഇവിടുത്തെ സ്ഥാനാർഥി നിര്‍ണയത്തില്‍ അന്തിമ ധാരണയായിട്ടില്ല. അതേസമയം കോലാറിലെ നിലവിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ കോൺഗ്രസിലേക്ക് മാറാൻ തയ്യാറായി നിൽക്കുകയാണ്.
Also Read: 'കുഞ്ഞാപ്പയില്ലെങ്കിലെന്താ? പിഎംഎ സലാം ഉണ്ട്…' ലീഗില്‍ സര്‍വാധിപത്യം തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ ഗൗഡ കോൺഗ്രസിൽ ചേരുമെന്നത് ഉറപ്പായ സാഹചര്യം കൂടി കണക്കിലെടുത്താണ് സിദ്ധരാമയ്യ കോലാറിലും മത്സരിക്കാന്‍ തയ്യാറാണെന്ന ആഗ്രഹം പുറത്തുവിട്ടത്.
വെള്ളിയാഴ്‌ച നടന്ന പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ കോലാറിൽ മത്സരിക്കരുതെന്ന് സിദ്ധരാമയ്യയോട് നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. വരുണയിൽ നിന്ന് വീണ്ടും മത്സരിക്കണമെന്ന് പറഞ്ഞതായും സൂചനയുണ്ട്. അതിനാൽ കോലാറിൽ മത്സരിക്കുന്ന കാര്യത്തില്‍ മുൻ മുഖ്യമന്ത്രി പുനർവിചിന്തനം നടത്തുമെന്ന അഭ്യൂഹം ശക്തമാണ്. നേരത്തെ മത്സരിച്ച് വിജയിച്ച വരുണയിലേക്ക് അദ്ദേഹത്തെ മാറ്റാന്‍ നേതൃത്വം ആലോചിക്കുന്നതായും വിവരമുണ്ട്.