കൊൽകത്ത: നിലപാടിൽ ഉറച്ച് തൃണമൂൽ കോൺഗ്രസ് എം.പിയും സുവേന്ദു അധികാരിയുടെ ബന്ധുവുമായ ദിബിയേന്ദു അധികാരി. തൃണമൂൽ കോൺഗ്രസിൽ തന്നെ തുടരുമെന്നും ഭാവിയിലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ദിബിയേന്ദു അധികാരി പറഞ്ഞു. ബി.ജെ.പിയിൽ ചേരുന്നത് സുവേന്ദു അധികാരിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദിബിയേന്ദു പ്രതികരിച്ചു.
ബംഗാളിലെ 50 ഓളം നിയമസഭാ സീറ്റുകളിൽ ശക്തമായ സ്വാധീനമുള്ള നേതാവായിരുന്നു സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ ഗതാഗത ജലവിഭവ മന്ത്രിയായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞ മാസമാണ് പാർട്ടി മന്ത്രിസ്ഥാനമൊഴിഞ്ഞത്.
സുവേന്ദു അധികാരിയുടെ രാജി തൃണമൂൽ നേതൃത്വത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി മുതിർന്ന പാർട്ടി നേതാക്കൾ രാജിവച്ച് പോകുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് തൃണമൂൽ കോൺഗ്രസ്.