ന്യൂഡല്‍ഹി: സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങള്‍ സുതാര്യമാണെന്ന് സ്വകാര്യ സാറ്റ്ലൈറ്റ് ചാനലുകള്‍ ഉറപ്പാക്കണമെന്ന് വാർത്താവിതരണ മന്ത്രാലയം. നിരോധിച്ചിരിക്കുന്ന പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സ്വകാര്യ സാറ്റ്ലൈറ്റ് ചാനലുകള്‍ ഉറപ്പാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ടെലിവിഷനില്‍ സംപ്രേക്ഷപണം ചെയ്യുന്ന പരസ്യങ്ങൾ അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
ഓൺലൈൻ ഗെയിമിങ്, ഫാന്‍റസി സ്പോർട്‌സ് തുടങ്ങിയവയെക്കുറിച്ചുള്ള ധാരാളം പരസ്യങ്ങൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അത്തരം പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. നവംബര്‍ 18ന് അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ), ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷൻ (എൻബിഎ), ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിങ് ഫൗണ്ടേഷൻ (ഐബിഎഫ്), ഓൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷൻ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാന്‍റസി സ്പോർട്‌സ്, ഓൺലൈൻ റമ്മി ഫെഡറേഷൻ എന്നിവരുമായി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. പരസ്യങ്ങള്‍ സുതാര്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗനിർദേശം എഎസ്‌സിഐ പുറപ്പെടുവിക്കുമെന്നും മന്ത്രാലയം അറിയിച്ചു.