ന്യൂഡൽഹി : തദ്ദേശീയമായി നിർമിച്ച രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കാലാവസ്ഥാവ്യതിയാനം, പൊതുജനാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനായി മലിനീകരണമുണ്ടാക്കുന്ന ഡീസൽ എൻജിനുകൾക്ക് പകരമാണ് ഹൈഡ്രജൻ ട്രെയിനിനെ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സാധാരണ തീവണ്ടികളെ അപേക്ഷിച്ച് വളരെ ചെറുതും 6 മുതൽ 8 വരെ കോച്ചുകൾ ഉള്ളതുമായിരിക്കും ഹൈഡ്രജൻ ട്രെയിനെന്നും റെയിൽവേ സൂചന നൽകിയിട്ടുണ്ട്.
യുഎന്നിന്‍റെ 'റേസ് ടു സീറോ' പദ്ധതിയുടെ ഭാഗമായി 2050 ഓടെ കാർബൺ രഹിത സംവിധാനമായി മാറാനാണ് ലോകത്തെ പല റെയിൽവേ കമ്പനികളും ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെയാണ് ഹൈഡ്രജൻ ട്രെയിൻ എന്ന ആശയം രൂപപ്പെട്ടത്. തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ ജർമനി ലോകത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനായ 'കൊറാഡിയ ഐലന്‍ഡ്' അവതരിപ്പിച്ചിരുന്നു.
ഹൈഡ്രജൻ ട്രെയിനിന്‍റെ ഗുണങ്ങൾ
- കാർബണ്‍ പുറം തള്ളുന്നില്ല
- പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്നില്ല
- ഒരു കിലോ ഹൈഡ്രജന് 4.5 കിലോ ഡീസലിന് തുല്യമായ ഊർജം നൽകാൻ കഴിയും
- വൈദ്യുതീകരണം പ്രായോഗികമല്ലാത്തതും അധികം സർവീസുകൾ ഇല്ലാത്തതുമായ ഗ്രാമീണ റൂട്ടുകളിൽ പ്രയോജനം ചെയ്യും
- ഡീസൽ, വൈദ്യുതി ട്രെയിനിനെ അപേക്ഷിച്ച് ശബ്‌ദ മലിനീകരണം കുറവ്
- ഹൈഡ്രജന്‍റെ ലഭ്യത, കടൽ വെള്ളത്തിൽ നിന്ന് പോലും ശേഖരിക്കാം
- 20 മിനിറ്റിനുള്ളിൽ ഇന്ധനം നിറയ്ക്കാം
ഇന്ത്യയിലെ ട്രെയിനുകളിൽ 37 ശതമാനവും ഡീസൽ എഞ്ചിനിലാണ് ഓടുന്നത്. രാജ്യത്തെ ഹരിതഗൃഹ വാതക പ്രസരണത്തിന്‍റെ 12 ശതമാനം ഗതാഗത മേഖലയിൽ നിന്നാണ്. അതിൽ റെയിൽവേയുടെ വിഹിതം 4 ശതമാനമാണ്. ഡീസൽ എഞ്ചിനുകളാണ് ഇതിന് പ്രധാന കാരണം. 2019-20ൽ റെയിൽവേ വകുപ്പ് 237 കോടി ലിറ്റർ ഡീസൽ ഉപയോഗിച്ചു എന്നാണ് കണക്ക്. 2030 ഓടെ 'നെറ്റ് സീറോ കാർബൺ എമിഷൻ ലെവൽ' കൈവരിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ഹൈഡ്രജൻ ട്രെയിനുകൾ വലിയ സഹായകമാകും.
ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയിലാണ് ജർമനിയിലെ കൊറാഡിയ ഐലൻഡ് ട്രെയിനുകൾ ഓടുന്നത്. അതിനാൽ തന്നെ പരിസ്ഥിതിക്ക് ദോഷകരമായ ഒന്നും തന്നെ ഇതിലൂടെ പുറം തള്ളുന്നില്ല. ഇതിലൂടെ പ്രതിവർഷം 16 ലക്ഷം ലിറ്റർ ഡീസലാണ് ലാഭിക്കാനാവുക. തൽഫലമായി പ്രതിവർഷം നാലായിരം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാൻ സാധിക്കും. ഒരിക്കൽ ഇന്ധനം നിറച്ചാൽ ഈ ട്രെയിനുകൾക്ക് ആയിരം കിലോമീറ്റർ സഞ്ചരിക്കാനാകും.
വൈദ്യുതീകരണം വർധിച്ചിട്ടും ഡീസൽ ട്രെയിനുകൾ ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ട്. യൂറോപ്പിലെ പകുതിയിലധികം ട്രെയിനുകളും ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതുമൂലം പ്രതിവർഷം 3.8 ദശലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നുവെന്നാണ് കണക്ക്.
ഡീസൽ അപകടകാരി : ഡീസൽ തീവണ്ടികളിൽ നിന്നുള്ള പുകയിലൂടെ നൈട്രജൻ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് തുടങ്ങിയ ദോഷകരമായ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഇത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശ അർബുദം, ഹൃദ്രോഗം, ആസ്‌ത്‌മ, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു.
തിരക്കേറിയ റോഡിൽ നിൽക്കുമ്പോഴുള്ളതിനേക്കാൾ കൂടുതൽ ദോഷകരമായ കണങ്ങൾ ശ്വസിക്കാൻ ഡീസൽ ട്രെയിനുകളിലെ യാത്ര കാരണമാകുമെന്നാണ് കോപ്പൻഹേഗൻ സർവകലാശാല നടത്തിയ ഗവേഷണം തെളിയിച്ചിട്ടുള്ളത്. എഞ്ചിന് സമീപമുള്ള ബോഗികളിലുള്ളവർക്ക് ആഘാതം 35 മടങ്ങ് കൂടുതലാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.