ഹൈദരാബാദ്: രാജ്യത്ത് ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി ഹൈദരാബാദ്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളെ പിന്തള്ളിയാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പ്രമുഖ എച്ച്ആര്‍ കമ്പനിയായ കരിയര്‍നെറ്റ് നടത്തിയ സര്‍വേയിലാണ് ജോലി ചെയ്യാന്‍ അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഹൈദരാബാദിനെ കൂടുതല്‍ പേരും തെരഞ്ഞെടുത്തത്.
40 ശതമാനം പേരാണ് ഹൈദരാബാദ് തെരഞ്ഞെടുത്തത്. ഹൈദരാബാദിന് ശേഷം ഏറ്റവുമധികം പേര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത് ബെംഗളൂരൂവിലാണ്. 17 ശതമാനം പേരാണ് ബെംഗളൂരുവിനെ ജോലി ചെയ്യാന്‍ അനുയോജ്യമായ നഗരമായി തെരഞ്ഞെടുത്തത്.
14 ശതമാനം പേര്‍ പൂനെയേയും ഒമ്പത് ശതമാനം പേര്‍ ഡല്‍ഹിയേയും തെരഞ്ഞെടുത്തു. ചെന്നൈ, മുംബൈ നഗരങ്ങളെ തെരഞ്ഞെടുത്തവരുടെ ശതമാന കണക്ക് യഥാക്രമം അഞ്ച്, നാല് എന്നിങ്ങനെയാണ്. ആദ്യമായി ജോലി ലഭിച്ചവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഗരമായി തെരഞ്ഞെടുത്തതും ഹൈദരാബാദിനെയാണ്.
തൊഴില്‍ അവസരങ്ങളില്‍ മുന്നില്‍: വ്യത്യസ്ഥ സംസ്‌കാരങ്ങളുടേയും ആചാരങ്ങളും പ്രതീകമെന്ന നിലയിലും മറ്റ് മെട്രോ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവിത ചിലവ് കുറവാണെന്നതും ഹൈദരാബാദ് തെരഞ്ഞെടുക്കാനുള്ള പ്രേരക ഘടകങ്ങളാണ്. കൊവിഡ് കാലത്ത് (2020-21) ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി ഐടി, ബാങ്കിങ്, ഇ കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലുള്ളവര്‍ തെരഞ്ഞെടുത്തത് ഹൈദരാബാദിനെയാണ്.
കാമ്പസ് റിക്രൂട്ട്മെന്‍റ്, നേരിട്ടുള്ള അഭിമുഖം മുഖേന ജോലി ലഭിച്ചവരും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഗരമായി ഹൈദരാബാദിനെ തെരഞ്ഞെടുത്തു. തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്ന കാര്യത്തിലും ഹൈദരാബാദ് മുന്നിലാണ്. ബെംഗളൂരുവിന് ശേഷം രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്.
ബെംഗളൂരു നഗരം 54 ശതമാനം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമ്പോള്‍ ഹൈദരാബാദ് നഗരം 22 ശതമാനം തൊഴില്‍ അവസരങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ചെന്നൈ, ഡല്‍ഹി നഗരങ്ങളില്‍ ആറ് ശതമാനവും മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നാല് ശതമാനവുമാണ് തൊഴില്‍ അവസരങ്ങളുള്ളത്.