ഹൈദരാബാദ്: ഒട്ടുമിക്ക ആളുകള്‍ക്കും ഒഴിച്ചു കൂടാനാകാത്തതാണ് ചായ. ചിലര്‍ ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ചിട്ടാണ്. കുടിക്കാന്‍ മാത്രമല്ല രുചിയൂറും ചായ ഉണ്ടാക്കാനും അറിയാമെങ്കില്‍ നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കും.
പരിപാടി ഹൈദരാബാദിലാണ്. അന്താരാഷ്‌ട്ര വനിത ദിനത്തോടനുബന്ധിച്ചാണ് ടീ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. തെലങ്കാനയിലെ ആദ്യ ടീ ചാമ്പ്യന്‍ഷിപ്പിനാണ് ഹൈദരാബാദ് വേദിയാകുന്നത്.
വിജയികളാകുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം അര ലക്ഷം രൂപയും കാല്‍ ലക്ഷം രൂപയും ലഭിക്കും.
ഹൈദരാബാദിലെ ഹൈടെക്ക് സിറ്റിയില്‍ നൊവാറ്റല്‍ ഹോട്ടലില്‍ മാര്‍ച്ച് ആറിന് വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അവരുടെ ചായയെ കുറിച്ച് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 8340974747 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം.
ഇതില്‍ നിന്ന് 100 മത്സരാർഥികളെ സംഘാടകര്‍ തെരഞ്ഞെടുക്കും. മികച്ച ചായ രുചിക്കാന്‍ ടീ ടേസ്റ്റേഴ്‌സ് ഉണ്ടാകും. ഇവരുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. കഫേ നിലോഫറുമായി ചേര്‍ന്ന് ഒരു സ്വകാര്യ കമ്പനിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.