ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ എഞ്ചിനിയറിങ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ പെൺസുഹൃത്തിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. കേസിലെ മൂന്നാം പ്രതിയാണ് യുവതി. മുഖ്യപ്രതിയായ ഹരിഹര കൃഷ്‌ണയുടെ മൊഴി പ്രകാരമാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കേസിലെ രണ്ടാം പ്രതിയാണ് ഹരഹര കൃഷ്‌ണയുടെ മറ്റൊരു സുഹൃത്തായ ഹസൻ. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. നവീൻ എന്ന എഞ്ചിനീയറിങ് വിദ്യാർഥിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ ഹസനാണ് പ്രതിയെ സഹായിച്ചത്.
കൊലപാതക വിവരം യുവതിയെ പ്രതി അറിയിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഇരുവരും കണ്ടിരുന്നു എന്നും കൊലപാതക സ്ഥലം സന്ദർശിച്ചു എന്നും പൊലീസ് പറഞ്ഞു. കൂടാതെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോകുന്നതിനായി പ്രതിക്ക് യുവതി പണം നൽകി സഹായിക്കുകയും ചെയ്‌തു.
കൊലപാതകം ആസൂത്രിതം: ഫെബ്രുവരി 17നായിരുന്നു കേസിനാസ്‌പദമായ സംഭവം. കേസിലെ മൂന്നാം പ്രതിയായ പെൺസുഹൃത്തിന്‍റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നവീനെ ഹരിഹര കൃഷ്‌ണ അബ്‌ദുള്ളപൂർമെട്ടിലെ വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി സുഹൃത്തായ ഹസന്‍റെ സഹായത്തോടെ ശരീരഭാഗങ്ങൾ മന്നഗുഡയുടെ പരിസരത്ത് ഉപേക്ഷിച്ചു.
കൊലപാതകത്തിന് ശേഷം പ്രതി തിരികെ വീട്ടിലെത്തി. തുടർന്ന് 18ന് രാവിലെ ബിഎൻ റെഡ്ഡിയിലുള്ള പെൺസുഹൃത്തിന്‍റെ അടുത്തേക്ക് പോയി. നവീനെ കൊലപ്പെടുത്തിയ കാര്യം പ്രതി യുവതിയോട് പറയുകയും ചെലവിനായി 1500 രൂപ വാങ്ങി സ്ഥലം വിടുകയും ചെയ്‌തു എന്ന് ഡിസിപി സായിശ്രീ പറഞ്ഞു. 20ന് വൈകിട്ട് വീണ്ടും പെൺകുട്ടിയെ കാണാൻ ഇയാൾ വരികയും കൊലപാതക സ്ഥലം ഇരുവരും ചേർന്ന് സന്ദർശിക്കുകയും ചെയ്‌തു.
ഫെബ്രുവരി 21ന് കൊല്ലപ്പെട്ട നവീന്‍ വീട്ടുകാർ ഹരിഹര കൃഷ്‌ണയെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചു. തുടർന്ന് കൊലപാതക വിവരം പുറത്തറിയുമെന്ന് ഭയന്ന് ഹരിഹര കൃഷ്‌ണ ഒളിവിൽ പോകുകയുമായിരുന്നു. ഖമ്മം, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ 23ന് വാറങ്കലിലെ പിതാവിന്‍റെ അടുത്തെത്തി.
യുവാവിനെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉടൻ പൊലീസിന് കീഴടങ്ങണമെന്നും പിതാവ് ഹരിഹര കൃഷ്‌ണയെ അറിയിച്ചു. ഫെബ്രുവരി 24ന് ഹരിഹരകൃഷ്‌ണ ഹൈദരാബാദിൽ എത്തി സുഹൃത്തായ കേസിലെ രണ്ടാം പ്രതിയായ ഹസനെ കാണാൻ എത്തുകയും തെളിവ് നശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അതിന് ശേഷം യുവതിയെ കാണാനെത്തുകയും ചെയ്‌തു.
വൈകുന്നേരത്തോടെ ബിഎൻ റെഡ്ഡി നഗറിൽ നിന്ന് അബ്‌ദുള്ളപൂർമേട്ടിലെത്തി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഹസനെ ഇതിന് മുൻപ് പൊലീസ് ചോദ്യംചെയ്‌തിരുന്നു എങ്കിലും സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ആവർത്തിച്ച് പറഞ്ഞത്. എന്നാൽ, ഹരിഹരയെ വിശദമായി ചോദ്യം ചെയ്‌തതോടെ ഹസന്‍റെയും യുവതിയുടെയും പങ്കിനെക്കുറിച്ച് പ്രതി തുറന്നു പറഞ്ഞു.
യുവതിയേയും ഹസനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഹരിഹര കൃഷ്‌ണയുടെ കസ്റ്റഡി തുടരുകയാണ്. ഈ മാസം ഒമ്പത് വരെ ഹരിഹരനെ പോലീസ് ചോദ്യം ചെയ്യും. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.