ഹൈദരാബാദ് (തെലങ്കാന) : ഹൈദരാബാദിൽ (Hyderabad) യുവതിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ ക്ഷേത്ര പൂജാരിയെ പൊലീസ് പിടികൂടി. ഹൈദരാബാദ് സരൂർനഗർ (Saroornagar) സ്വദേശിയും ക്ഷേത്ര പൂജാരിയുമായ വെങ്കട സായികൃഷ്‌ണയാണ് (Saikrishna) പിടിയിലായത്. സരൂർനഗറിലെ തന്നെ താമസക്കാരിയായ അപ്‌സര (Apsara) എന്ന യുവതിയാണ് മരിച്ചത്.
ജൂൺ 4നായിരുന്നു കേസിനാസ്‌പദമായ സംഭവം. വിവാഹിതനായ പ്രതി അപ്‌സരയുമായി പ്രണയത്തിലായിരുന്നുവെന്നും തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഒപ്പം വരണമെന്നും പറഞ്ഞാണ് അപസരയെ സായികൃഷ്‌ണ കൂട്ടിക്കൊണ്ടുപോയത്. ജൂൺ 3നാണ് ഇരുവരും എയർപോർട്ടിലേക്ക് എന്നുപറഞ്ഞ് യാത്ര തിരിച്ചത്. ജൂൺ 4ന് ഇയാൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
ആസൂത്രിത കൊലപാതകമെന്ന് പൊലീസ് : സുഹൃത്തുക്കളോടൊപ്പം ഭദ്രാചലത്തിൽ പോകുകയാണെന്നാണ് യുവതിയുടെ അമ്മയോട് പറഞ്ഞത്. എയർപോർട്ടിലേക്ക് പോകുന്ന വഴി ഷംഷാബാദിൽ (Shamshabad) യുവതിയെ ഇറക്കിയേക്കാമെന്ന് സായികൃഷ്‌ണ അപ്‌സരയുടെ അമ്മയെ വിശ്വസിപ്പിച്ചു. തുടർന്ന് ജൂൺ 3ന് രാത്രി ഇരുവരും 8.15ന് കാറിൽ സരൂർനഗറിൽ നിന്ന് പുറപ്പെട്ടു.
രാത്രി 10 മണിയോടെ ഷംഷാബാദ് മണ്ഡലിലെ റല്ലഗുഡയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇവർ 11 മണിയോടെ സുൽത്താൻപള്ളിയിലെ ഗോശാലയിലേക്ക് പോയി. ജൂൺ 4ന് പുലർച്ചെ 3.50ഓടെ സമീപമുള്ള നാർകുടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. കാറിന്‍റെ മുൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും തലയിൽ കല്ല് കൊണ്ട് ഇടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു.
അപ്‌സരയുടെ മൃതദേഹം കാറിന്‍റെ കവറിൽ പൊതിഞ്ഞ് രണ്ട് ദിവസം പ്രതി കാറിനുള്ളിൽ തന്നെ സൂക്ഷിച്ചു. എന്നാൽ ദുർഗന്ധം വമിച്ചതോടെ ജൂൺ ഏഴിന് സരൂർനഗറിലെ ബംഗാരു മൈസമ്മ ക്ഷേത്രത്തിന് സമീപമുള്ള മാൻഹോളിൽ തള്ളുകയായിരുന്നു. തുടർന്ന് എൽബി നഗറിൽ നിന്ന് തൊഴിലാളികളെ എത്തിച്ച് മൃതദേഹം തള്ളിയ മാൻഹോൾ രണ്ട് ട്രക്ക് മണ്ണിട്ട് മൂടുകയും സിമന്‍റ് ഉപയോഗിച്ച് കുഴി അടക്കുകയും ചെയ്‌തു.
കൊലപാതകത്തിന് ശേഷം പൊലീസിൽ പരാതി നൽകി : യുവതി ഫോൺ കോളുകൾ എടുക്കാതെ വന്നതോടെ അപ്‌സരയുടെ അമ്മ സായികൃഷ്‌ണയുമായി ബന്ധപ്പെട്ടു. ഷംഷാബാദിലെത്തിയ ശേഷം യുവതി സുഹൃത്തുക്കളോടൊപ്പം ഭദ്രാചലത്തേക്ക് പോയി എന്നാണ് സായികൃഷ്‌ണ യുവതിയുടെ അമ്മയോട് പറഞ്ഞത്. തുടർന്ന് ജൂൺ അഞ്ചിന് യുവതിയെ കാണാനില്ല എന്നാരോപിച്ച് അപ്‌സരയുടെ അമ്മയും സായികൃഷ്‌ണയും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്‌സരയുടെ ഫോൺ കോളുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. സംശയം തോന്നിയ പൊലീസ് സായികൃഷ്‌ണയുടെയും ഫോൺ പരിശോധിച്ചു. അന്വേഷണത്തിനൊടുവിൽ സായികൃഷ്‌ണയാണ് അപ്‌സരയുടെ തിരോധാനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ അപ്‌സരയെ കൊലപ്പെടുത്തി മൃതദേഹം മാൻഹോളിൽ തള്ളിയെന്ന് പ്രതി സായികൃഷ്‌ണ വെളിപ്പെടുത്തി. പൊലീസ് സ്ഥലത്തെത്തി മാൻഹോൾ കുഴിച്ച് മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഉസ്‌മാനിയ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.