ഹൈദരാബാദ്: ഉയര്‍ന്ന പലിശ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍, ഒളിവില്‍പ്പോയ പ്രതികളെ 29 വർഷത്തിന് ശേഷം പിടികൂടി തെലങ്കാന സിഐഡി (Criminal Investigation Department). തിരുവനന്തപുരം സ്വദേശികളായ ഷേർളി ടോമി (70), സിഐ ജോസഫ് (67) എന്നിവരാണ് വീണ്ടും പിടിയിലായത്. 1994ല്‍ ഇവര്‍ അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നാണ്, രണ്ട് പതിറ്റാണ്ടിനുശേഷം സിഐഡി നടപടി.
ALSO READ | 200ലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: ബിഎസ്എന്‍എല്‍ സഹകരണ സംഘം ഭാരവാഹികളുടെ ജാമ്യ ഹര്‍ജി കോടതി തള്ളി
12,54,915 രൂപ ആളുകളില്‍ നിന്നും സമാഹരിച്ച ശേഷം തിരിച്ചുനല്‍കാതെ കബളിപ്പിക്കുകയായിരുന്നു പ്രതികള്‍. ആളുകളില്‍ നിന്നും പിരിച്ചെടുത്ത തുകയില്‍ 94,921 രൂപ മാത്രമാണ് പലിശ ഇനത്തില്‍ തിരിച്ചുനല്‍കിയത്. ബാക്കി തുകയായ 11.50 ലക്ഷം രൂപ ഇവര്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ ടിജെ ജോൺ സുഹൃത്തുക്കളായ ടിജെ മാത്യു, എംഎം ടോമി, ഷേർളി ടോമി, സിഐ ജോസഫ് എന്നിങ്ങനെ പത്തുപേരാണ് സംഭവത്തിന് പിന്നില്‍. 1986ല്‍ ഇവര്‍ ഹൈദരാബാദില്‍ സ്ഥാപിച്ച ‘ട്രാവൻകൂർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി’യുടെ പേരിലാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്‌തത് 1987ല്‍: പണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കുമെന്ന് പരസ്യം നല്‍കി വിശ്വാസ്യത പിടിച്ചുപറ്റിയാണ് പ്രതികള്‍ ആളുകളെ കുരുക്കിലാക്കിയത്. ഇതോടെ, ആകെ 12,54,915 രൂപ സ്ഥാപനം സമാഹരിക്കുകയായിരുന്നു. പലിശത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 1987ൽ ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനിലാണ് (സിസിഎസ്) നിക്ഷേപകര്‍ കേസ് രജിസ്റ്റർ ചെയ്യുന്നത്.
1994 ജനുവരി 29ന് എംഎം ടോമി, ഷേർളി ടോമി, സിഐ ജോസഫ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. ശേഷം, കോടതിയുടെ ഉത്തരവനുസരിച്ച് ജയിലിലേക്ക് മാറ്റി. തുടർന്ന്, ജാമ്യത്തിലിറങ്ങിയ ഇവർ ഒളിവിൽ പോവുകയായിരുന്നു. ഇതോടെ ഇവർക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചു.
ഷേര്‍ളി ഒളില്‍പ്പോയത് 41ാം വയസില്‍, ഇപ്പോള്‍ പ്രായം 70: പഴയ കേസുകള്‍ വീണ്ടും പൊടിതട്ടിയെടുത്തതിന്‍റെ ഭാഗമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാൻ ഉത്തരവ് വന്നത്. സിഐ ലിംഗസ്വാമി, എസ്ഐ രമേഷ്, ഹെഡ് കോൺസ്റ്റബിൾ ആനന്ദ്, വനിത കോൺസ്റ്റബിൾ അനിത എന്നിവരുടെ നേതൃത്വത്തിൽ സിഐഡി അഡീഷണൽ ഡിജി മഹേഷ് ഭഗവത് പ്രത്യേക സംഘം രൂപീകരിച്ചു. ഈ സംഘം കേരളത്തിലെത്തിയാണ് ഷേർളി ടോമി, സിഐ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്‌തത്. കോടതി നിർദേശപ്രകാരം ഇവരെ ജയിലിലേക്ക് മാറ്റി. 41ാം വയസിലാണ് ഷേര്‍ളി ഒളിവിൽപ്പോയത്. പിടിയിലാവുമ്പോള്‍ അവര്‍ക്ക് 70 വയസായെന്നത് ശ്രദ്ധേയമാണ്.
ALSO READ | സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍