ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്നവർക്കിനി സൂപ്പർ കാറുകളിൽ നഗരം ചുറ്റാം. പോർഷെ 911 കരേര 4 എസ്, ജാഗ്വാർ എഫ് തരം, ലംബോർഗിനി ഗല്ലാർഡോ, ലെക്സസ് ഇഎസ് 300 എച്ച്, ഓഡി എ 3 കാബ്രിയോലെറ്റ്, മെഴ്‌സിഡസ് ബെൻസ് ഇ 250, ബിഎംഡബ്ല്യു 3 ജിടി, ബിഎംഡബ്ല്യു 7 സീരീസ്, ഫോർഡ് മസ്റ്റാങ്, വോൾവോ എസ് 60, മസെരാട്ടി ഗിബ്ലി തുടങ്ങിയ കാറുകളാണ് യാത്രികരെയും കാത്ത് വിമാനത്താവളത്തിൽ കിടക്കുന്നത്.
യാത്രയോടൊപ്പം സഞ്ചാരികൾക്ക് ആഡംബരവും പ്രധാനം ചെയ്യുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഇത്തരത്തിൽ ആഡംബരക്കാറുകൾ ലഭ്യമാക്കുന്നത്. സ്വന്തമായി ഡ്രൈവ് ചെയ്യാൻ താൽപര്യമില്ലെങ്കിൽ ഡ്രൈവറും ഇവിടെ റെഡിയാണ്. ഹൈദരാബാദിൽ വിമാനമിറങ്ങുന്നതിന് മുമ്പ് തന്നെ ലഭ്യമായ കാറുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. സൂപ്പർ കാറുകൾ കൂടാതെ സാധാരണക്കാർക്ക് താങ്ങാനാവുന്ന മാരുതി സുസുക്കി സിയാസ് പോലുള്ള കാറുകളും വിമാനത്താവളത്തിൽ വാടകയ്‌ക്ക് ലഭ്യമാണ്.