ഹൈദരാബാദ് : ഹൈദരാബാദിൽ 17കാരി കാറിൽ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. പ്രതികൾ ഉപയോഗിച്ച രണ്ട് കാറുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഒരു ബെൻസ് കാറും ഒരു ഇന്നോവ കാറുമാണ് പൊലീസ് കണ്ടെടുത്തത്.
ബെൻസ് കാറിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ, പീഡനത്തിനിരയായ പെൺകുട്ടിയുടെ ചില വസ്‌തുക്കൾ കണ്ടെടുത്തു. പെൺകുട്ടിയുടെ കമ്മൽ, മുടി, പാദരക്ഷകൾ എന്നിവയാണ് ഫോറൻസിക് സംഘം ശേഖരിച്ചത്. ഇന്നോവ കാറിൽ നിന്ന് ലഭിച്ച തെളിവുകൾ എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, കേസില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പടെ അഞ്ച് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ബഞ്ചാര ഹിൽസ് എസിപി സുദർശനാണ് കേസിന്‍റെ അന്വേഷണ ചുമതല.