ഹൈദരാബാദ്: കൗമാരക്കാരിയെ ആഡംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തി. അക്രമത്തിനിരയായ വാഹനത്തില്‍ നിന്നും പെണ്‍കുട്ടിയുടെ ചെരുപ്പ്, കമ്മല്‍, മുടി തുടങ്ങിയ തെളിവുകള്‍ നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കൂടാതെ കാറില്‍ നിന്ന് പിടിച്ചെടുത്ത ടിഷ്യൂപേപ്പറുകള്‍ കൂടുതല്‍ പരിശോധനയ്‌ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി.
അതേ സമയം, സംസ്ഥാന വനിത കമ്മിഷനും കേസില്‍ സ്വമേധയ ഇടപെടല്‍ നടത്തി. സംസ്ഥാന വനിത കമ്മിഷന്‍ ചെയര്‍പേര്‍സണ്‍ ലക്ഷമറെഡി സംഭവത്തില്‍ ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എം എല്‍ എയുടെ മകനെ കേസില്‍ ആറാം പ്രതിയാക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. കേസിലെ പ്രധാന പ്രതികള്‍ ആരെന്ന കാര്യത്തിലും ഇതുവരെ പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. നിലവില്‍ റിമാന്‍ഡിലുള്ള നാല് പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.