ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ (ജിഎച്ച്എംസി) ആരംഭിച്ചു. തെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി ബിജെപി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 85 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ടിആർഎസ് 29 സീറ്റുകളില്‍ മുന്നില്‍. എഐഎംഐഎം 17 സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. 150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പിന് മുന്നോടിയായി പാർട്ടികൾ വലിയ രീതിയിലുള്ള പ്രചരണം നടത്തിയെങ്കിലും 74.67 ലക്ഷം വോട്ടർമാരിൽ 46.55 ശതമാനം (34.50 ലക്ഷം) പേർ മാത്രമാണ് വേട്ട് ചെയ്തത്. 30 സ്ഥലങ്ങളിലായുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 8,152 ഉദ്യോഗസ്ഥരാണ് ഉള്ളത്. സംസ്ഥാനത്ത് തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്), എഐഐഎം, ബിജെപി എന്നീ പാർട്ടികൾ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി, സെക്കന്ദരാബാദില്‍ നിന്നുള്ള ലോക്‌സഭാംഗവും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഡി, ബിജെവൈഎം ദേശീയ പ്രസിഡന്‍റ് തേജസ്വി സൂര്യ എന്നിവരുൾപ്പെടെ ബിജെപിയിലെ ഉന്നതർ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്തിയിരുന്നു.
അതേസമയം, ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന് കീഴിൽ വരുന്ന ഓരോ കുടുംബങ്ങൾക്കും ഡിസംബർ മാസം മുതൽ പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെള്ളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വാഗ്ദാനം ചെയ്തു. പദ്ധതി മറ്റ് കോർപറേഷനുകളിലേക്കും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ടിആർഎസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരുന്നു. ഡൽഹിക്ക് ശേഷം സൗജന്യ കുടിവെള്ളം വിതരണം ചെയ്യുന്ന രണ്ടാമത്തെ നഗരമാണ് ഹൈദരാബാദ് എന്നും പദ്ധതിയിലൂടെ നഗരത്തിലെ 97 ശതമാനം ആളുകൾക്കും കുടിവെളളം ലഭിക്കുമെന്നും ടിആർഎസ് തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരുന്നു. 24 നിയമസഭാ വിഭാഗങ്ങൾ ജിഎച്ച്എംസിയുടെ പരിധിയിൽ വരുന്നതിനാൽ നഗരത്തിലെ വോട്ടെടുപ്പ് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതാണ്.