ഹൈദരാബാദ്: ഹോം ഐസോലേഷനിൽ കഴിയുന്നവർക്ക് സൗജന്യ ഓക്‌സിജൻ വിതരണം നടത്തി സിഖ് സേവാ സൊസൈറ്റിയിലെ യുവാക്കൾ. രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായ സമയത്താണ് കൊവിഡ് പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് സിഖ് സേവാ സൊസൈറ്റി സൗജന്യമായി ഓക്‌സിജൻ വിതരണം ചെയ്യുന്നത്. കൂടാതെ ഇവരുടെ ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നുകളും സൗജന്യ റേഷനും നൽകി വരുന്നു. എല്ലാ ജാതി, മത, മതവിശ്വാസികൾക്കും തങ്ങൾ സേവനം ചെയ്ത് വരുന്നതായി സിഖ് സേവാ സൊസൈറ്റിയിലെ അംഗമായ ചരഞ്ജിത് സിങ് കോഹ്‌ലി പറഞ്ഞു.
കൊവിഡ് ബാധിതരായ പല ആളുകൾക്കും ഓക്സിജൻ സിലിണ്ടറുകളോ ഓക്സിജൻ കോൺസൺട്രേറ്ററുകളോ ലഭിക്കുന്നില്ല. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ നൂറിലധികം കുടുംബങ്ങൾക്ക് ആവശ്യമായ ഓക്സിജനും മരുന്നും നൽകി. നിർധന കുടുംബങ്ങൾക്ക് റേഷൻ നൽകി വരുന്നെന്നും മറ്റൊരു അംഗം കുനാൽദീപ് സിങ് പറഞ്ഞു.
Also Read: കേന്ദ്ര സർക്കാർ കൊവിഡ് മരണസംഖ്യ മൂടിവക്കുന്നു; പ്രിയങ്ക ഗാന്ധി
തുടക്കത്തിൽ സേവാ സൊസൈറ്റി രൂപീകരിക്കുമ്പോൾ രണ്ട് ഓക്സിജൻ സിലിണ്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിൽ 25 ഓക്സിജൻ സിലിണ്ടറുകളും 10 ഓക്സിജൻ കോൺസൺട്രേറ്ററുകളും ഉണ്ടെന്നും സിങ് കൂട്ടിച്ചേർത്തു. വൈറസിനെതിരെ പോരാടാൻ ആളുകളെ സഹായിക്കുന്നതിനായി വിവിധ വ്യക്തികളും സംഘടനകളും നൽകിയ സംഭാവനയാണ് ഈ സേവനങ്ങളെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.