ബെംഗളൂരു: ഭാര്യയില്‍ നിന്നുള്ള നിരന്തര ഗാര്‍ഹിക പീഡനത്തില്‍ സംരക്ഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭര്‍ത്താവിന്‍റെ പരാതി. കര്‍ണാടക സ്വദേശിയായ യദുനന്ദൻ ആചാര്യയാണ് നിരന്തരമായി താന്‍ ഭാര്യയില്‍ നിന്ന് നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സഹായവും സംരക്ഷണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി അറിയിച്ചത്. അതേസമയം അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നിയമപ്രകാരം പരാതിപ്പെടാനായിരുന്നു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയുടെ പ്രതികരണം.
ആരെങ്കിലും എന്നെ സഹായിക്കാമോ എന്ന് ആവശ്യപ്പെട്ടുള്ള പരാതി യദുനന്ദൻ ആചാര്യ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലായ @yaadac മുഖേനയാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. "ഇത് സംഭവിച്ചപ്പോള്‍ ആരെങ്കിലും എന്നെ സഹായിക്കാനുണ്ടായിരുന്നോ? ഇല്ല, കാരണം ഞാന്‍ ഒരു പുരുഷനാണ്! എന്‍റെ ഭാര്യ എന്നെ കത്തി കൊണ്ട് ആക്രമിച്ചു. ഇതാണോ താങ്കള്‍ വാചാലമാകാറുള്ള നാരി ശക്തി? ഇതില്‍ എനിക്ക് അവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കാനാകുമോ?ഇല്ലല്ലേ!" യദുനന്ദൻ തന്‍റെ പരാതിയില്‍ കുറിച്ചു. മാത്രമല്ല, ഭാര്യ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് തന്‍റെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയാണെന്നും അദ്ദേഹം പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
ട്വീറ്റിലൂടെയുള്ള ഈ പരാതിയില്‍ പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെയും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡിയെയും യദുനന്ദൻ ടാഗ് ചെയ്‌തിട്ടുണ്ട്. എന്നാല്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നിയമനടപടി സ്വീകരിക്കാനും പരാതി പരിഹരിക്കാനും പൊലീസ് കമ്മിഷണർ ട്വീറ്റിന് മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം പീഡനം നേരിടുന്ന ഭര്‍ത്താക്കന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് കാണിച്ച് വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ #metoo ടാഗുമായും രംഗത്തെത്തിയിട്ടുണ്ട്. ഇവയ്‌ക്ക് പുറമെ ലിംഗ പക്ഷപാതപരമായ നിയമങ്ങൾക്കെതിരെ ന്യായ് പ്രയാസ് ഫൗണ്ടേഷനെയും പരാതിക്കാരന്‍ ടാഗ് ചെയ്‌തിട്ടുണ്ട്.