മുസാഫർനഗർ : ഉത്തർ പ്രദേശിൽ നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. മുസാഫർനഗർ മഖ്യാലി സ്വദേശിയായ നസീം മാലിക്ക്, ഭാര്യ നർഗീസ് (25) നെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ (29.06.23) യായിരുന്നു സംഭവം. അഞ്ച് മാസം മുൻപാണ് ദമ്പതികൾ വിവാഹിതരായത്.
ഇടനിലക്കാരനായ സദ്ദാമിന്‍റെ സഹായത്തോടെയാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്‌നം പരിഹരിക്കാൻ ഉപദേശം തേടി ഇരുവരും സദ്ദാമിന്‍റെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് അയല്‍വാസിയായ സാബിർ ഇരുവരെയും സമാധാനിപ്പിക്കാൻ അവിടെയെത്തുകയും ദേഷ്യം കൊണ്ട് നസീം ഇയാൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സാബിറിനെ വെടിവച്ച ശേഷം നർഗീസിനെ ബൈക്കിൽ കയറ്റി ദൂരെ ഒരിടത്ത് കൊണ്ടുപോയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വെടിയേറ്റ സാബിർ ചികിത്സയിലാണ്. നസീം ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്നതായും വിവാഹത്തിൽ തൃപ്‌തനായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ദമ്പതികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ച ശേഷം പൊലീസ് മരണത്തിൽ അന്വേഷണം നടത്തിവരികയാണ്.
ഹല്‍ദി ചടങ്ങിനിടെ യുവതിയെ ബന്ധു കൊലപ്പെടുത്തി : ദിവസങ്ങൾക്ക് മുൻപ് ഗുജറാത്തില്‍ ഹല്‍ദി ചടങ്ങിനിടെ വധുവിനെ കുത്തിക്കൊലപ്പെടുത്തിയ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്യാണിയെന്ന യുവതിയെ കൊലപ്പെടുത്തിയതിന് സൂറത്ത് സ്വദേശിയായ മോനു പാട്ടീലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂറത്ത് സ്വദേശിയായ ജിതേന്ദ്ര മഹാജനുമായി ഏറെ നാളായി കല്യാണി പ്രണയത്തിലായിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധം ജിതേന്ദ്ര മഹാജന്‍റെ വീട്ടുകാര്‍ സമ്മതിച്ചെങ്കിലും കല്യാണിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ജാതി വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കല്യാണിയുടെ കുടുംബം വിവാഹത്തെ എതിർത്തത്. കുടുംബത്തിന്‍റെ എതിര്‍പ്പ് കാരണം വീട്ടുകാര്‍ അറിയാതെ ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തി.
also read : വിവാഹേതര ബന്ധം ഭർത്താവിനെ അറിയിച്ചു ; 21 കാരനായ മകനെ കൊലപ്പെടുത്തി മാതാവ്
രണ്ട് മാസങ്ങള്‍ക്ക് ശേഷം തങ്ങള്‍ വിവാഹിതരാണെന്നും മതാചാര പ്രകാരം വിവാഹം നടത്തി തരണമെന്നും ഇരുവരും കല്യാണിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. നിയമപരമായി ഇരുവരും വിവാഹിതരായെന്നറിഞ്ഞതോടെ മതാചാര പ്രകാരം വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. എന്നാൽ ബന്ധുവായ മോനു പാട്ടീല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ എതിര്‍പ്പ് അവഗണിച്ച് കുടുംബം വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹത്തിന് മുമ്പായി നടക്കുന്ന ഹല്‍ദി ചടങ്ങിനിടെ രോഷാകുലനായ മോനു പാട്ടീല്‍ വേദിയിലെത്തി കല്യാണിയെ ആക്രമിച്ചു. ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.