ന്യൂഡല്‍ഹി: സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങൾ 2020നെ അപേക്ഷിച്ച് 2021ല്‍ 22.9 ശതമാനം വർധിച്ചുവെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള 19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് ഡല്‍ഹിയിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്‌തത് 13,982 കേസുകളാണ്.
2021ല്‍ ആകെ രജിസ്റ്റര്‍ ചെയ്‌ത കേസ് 43,414 ആണ്. ഇതില്‍ ഭൂരിഭാഗം കേസുകളും ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്‍റെ ബന്ധുക്കളില്‍ നിന്നോ മര്‍ദനം ഏറ്റവരാണ്. 33.0 ശതമാനമാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകള്‍. 20.0 ശതമാനമാണ് സ്‌ത്രീകളെ തട്ടികൊണ്ടുപോയതിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള അക്രമണത്തിലും വര്‍ധനവ്: 17.5 കേസുകളാണ് സ്‌ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന തരത്തിലുള്ള ആക്രമണങ്ങളായി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. 7.4 ശതമാനമാണ് ബലാത്സംഗ കേസുകള്‍. എൻസിആർബി ഡാറ്റ പ്രകാരം സ്‌ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ 5,543 കേസുകള്‍ മുംബൈയിലും 3,127 കേസുകള്‍ ബെംഗളൂരുവിലും 3,050 കേസുകള്‍ ഹൈദരാബാദിലും കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പെടെയുള്ള മെട്രോപൊളിറ്റൻ നഗരങ്ങളില്‍ സ്‌ത്രീകള്‍ എല്ലാത്തരം കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ പീനൽ കോഡിന്‍റെ പ്രത്യേക, പ്രാദേശിക നിയമങ്ങൾക്ക് കീഴിലാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഡൽഹിയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കുറ്റപത്രത്തിന്‍റെ നിരക്ക് 70 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അഹമ്മദാബാദ്, ചെന്നൈ, കോയമ്പത്തൂർ, കൊൽക്കത്ത തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ 94 ശതമാനത്തിലധികം കുറ്റപത്രം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ഇതിന് പുറമെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 2020 ല്‍ രജിസ്റ്റര്‍ ചെയ്‌തത് 1,28,531 കേസുകളാണ്. എന്നാല്‍ 2021 വര്‍ഷത്തില്‍ 16.2 ശതമാനം വര്‍ധനവോടെ 1,49,404 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു.